തുറവൂര്‍: അയ്യപ്പന്റെ അനുഗ്രഹം ആവോളമുണ്ടാകുമെന്ന് വിറയാര്‍ന്ന കൈകള്‍ തലയില്‍വച്ച് അനുഗ്രഹിച്ചപ്പോള്‍ അഡ്വ. പ്രകാശ് ബാബുവിന്റെ കണ്ണുകള്‍ നിറഞ്ഞു. നിലത്തിരുന്ന് ബാലാമണിയമ്മയുടെ കാലുകളില്‍ തൊടുമ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് ജയിലറകളില്‍ അനുഭവിച്ച ദുരിതത്തിന്റെ മിന്നലാട്ടം ആ കണ്ണുകളില്‍ തെളിഞ്ഞിരുന്നു. അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനം രചിച്ച കോന്നോത്ത് ജാനകിയമ്മയുടെ മകളാണ് ബാലാമണി.
തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാലാമണിയമ്മയെ സന്ദര്‍ശിക്കാന്‍ വല്ലേത്തോട്ടിലെ വീട്ടിലെത്തിയതായിരുന്നു സ്ഥാനാര്‍ത്ഥി. ശബരിമലയിലെ ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ അരൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിനും ആഴ്ചകളോളം ജയില്‍വാസം അനുഭവിക്കേണ്ടി വന്നിരുന്നു.
ശബരിമലയില്‍ ജോലിചെയ്തിരുന്ന അച്ഛന്റെ വാക്കുകളില്‍ നിന്നാണ് അമ്മ അയ്യപ്പനെ അടുത്തറിഞ്ഞതെന്നും മനക്കണ്ണിലൂടെ കണ്ട അയ്യപ്പനെ അമ്മ ഹരിവരാസനത്തിലൂടെ വര്ണിക്കുകയായിരുന്നെന്നുമുള്ള പഴയ ഓര്‍മകള്‍ ബാലാമണിയമ്മ സ്ഥാനാര്‍ത്ഥിയുമായി പങ്കുവച്ചു.
ബാലാമണിയമ്മയെ പൊന്നാടയണിയിച്ച് ആദരിച്ചശേഷം അനുഗ്രഹവും വാങ്ങിയാണ് സ്ഥാനാര്‍ത്ഥി മടങ്ങിയത്. ഇന്നലെ രാവിലെ തുറവൂര്‍ മഹാക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം കോടംതുരുത്ത് പഞ്ചായത്തിലെ കരുമാഞ്ചേരിയില്‍ നിന്നാണ് സ്ഥാനാര്‍ത്ഥിയുടെ പര്യടനം ആരംഭിച്ചത്. പഞ്ചായത്തിലെ മുഴുവന്‍ ബൂത്തുകളിലും സന്ദര്‍ശനം നടത്തി. തുടര്‍ന്ന് വട്ടേക്കാല് മുക്ക് കോട്ടാത്ത് കോളനിയിലും എത്തി വോട്ട് അഭ്യര്‍ത്ഥിച്ചു. ഉച്ചകഴിഞ്ഞ് അരൂക്കുറ്റി പഞ്ചായത്ത്, പാണാവള്ളി വടക്കന്‍ മേഖല എന്നിവിടങ്ങളിലെ സ്വീകരണ പരിപാടിയിലും പങ്കെടുത്തു.
ഇന്നു രാവിലെ പള്ളിപ്പുറം പഞ്ചായത്തില്‍ നടക്കുന്ന റോഡ് ഷോയിലും ഉച്ചകഴിഞ്ഞ് അരൂര്‍ പഞ്ചായത്തിലെ സ്വീകരണ പരിപാടികളിലും പ്രകാശ് ബാബു പങ്കെടുക്കും.
















