തിരുവനന്തപുരം: പാലായില്‍ അട്ടിമറി വിജയം നേടിയ ഇടതു മുന്നണി സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്ത ശേഷം പറന്നത് കോണ്‍ഗ്രസിനു വോട്ടു പിടിക്കാന്‍. മഹാരാഷ്‌ട്രയില്‍ എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിനു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് മാണി സി. കാപ്പന്‍. ഒപ്പം, മന്ത്രി എ.കെ. ശശീന്ദ്രനുമുണ്ട്. കേരളത്തില്‍ അഞ്ചിടത്ത് ഉപതെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെയാണു മാണി സി. കാപ്പന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു കൂടി വോട്ടു തേടി മുംബൈയില്‍ എത്തിയത്. പാലായിലെ അട്ടിമറി വിജയം മുന്‍നിര്‍ത്തി മാണി സി. കാപ്പന്‍ മുഖ്യപ്രചാരകന്‍ ആയി കാട്ടാനുള്ള സിപിഎം തന്ത്രം ഇതോടെ പാളി.
പ്രചാരണവേദികളിലെല്ലാം മുഖ്യമന്ത്രി പിണറായി വിജയന്‍ പാലായിലെ അട്ടിമറി വിജയത്തെ പറ്റി പലയിടത്തും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, പാലാ പിടിച്ചെടുത്ത മാണി സി. കാപ്പന്‍ രണ്ടുമണ്ഡലങ്ങളില്‍ എത്തിനോക്കിയശേഷം രംഗം വിട്ടെന്നാണ് ഇടതുനേതാക്കളുടെ അടക്കം പറച്ചില്‍. കോന്നിയിലും അരൂരും മാത്രമാണ് കാപ്പന്റെ സാന്നിധ്യമുണ്ടായത്. പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ മാണി സി. കാപ്പനുവേണ്ടി ഇടതുനേതാക്കള്‍ അതാതു മണ്ഡലങ്ങളില്‍ ആവശ്യമുന്നയിച്ചെങ്കിലും കാപ്പനെ ലഭിക്കുമോ എന്നറിയാതെ ഉത്തരമുട്ടി നില്‍ക്കുകയാണ് എന്‍സിപി നേതാക്കള്‍.
















