വട്ടിയൂര്‍ക്കാവ്: എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷിനെതിരെ ഇടതുവലതു മുന്നണികള്‍ ഉയര്‍ത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ സമ്മതിദായകര്‍ ‘കടക്ക് പുറത്ത്’ എന്നു പറയുന്ന കാഴ്ചയാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലുടനീളം കാണുന്നത്. വാഹനപര്യടനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ ആവേശകരമായ വരവേല്‍പ്പാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷിന് എല്ലായിടത്തും നല്‍കിയത്.
ഇന്നലെ വൈകിട്ട് മൂന്നരയ്‌ക്ക് വലിയവിള കുരുവിക്കാട് നിന്നാണ് വാഹനപര്യടനം നിശ്ചയിച്ചതെങ്കിലും നാലരയോടെയാണ് പര്യടനം ആരംഭിച്ചത്. മൂന്നുമണിക്ക് തന്നെ പ്രവര്‍ത്തകരെക്കൊണ്ട് പരിസരമാകെ നിറഞ്ഞു. നാലുമണിയോടെ സ്ഥാനാര്‍ഥി സുരേഷ് എത്തിയതോടെ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി. മുദ്രാവാക്യം വിളികളോടെ പടക്കംപൊട്ടിച്ചാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വരവേറ്റത്.
ഈ സമയം വാഹനപര്യടനത്തിന്റെ ഉദ്ഘാടന പ്രസംഗം നടത്തുകയായിരുന്നു ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്‍. പത്മകുമാര്‍. ”മാറ്റത്തിന് തുടക്കം കുറിക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പാണിത്. യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ജനസേവനത്തിന് അവസരം ലഭിച്ചവരായിരുന്നു. എന്നാല്‍ അന്നവര്‍ അമ്പേ പരാജിതരായിരുന്നു. അതുകൊണ്ടുതന്നെ ജനസേവനത്തിന് ആദ്യമായി ഇറങ്ങുന്ന സുരേഷിനെ വിജയിപ്പിക്കണം.” ജെ.ആര്‍. പത്മകുമാര്‍ പറഞ്ഞതോടെ സുരേഷിനും എന്‍ഡിഎയ്‌ക്കും അഭിവാദ്യമര്‍പ്പിച്ച് വീണ്ടും മുദ്രാവാക്യം വിളി.
സ്വീകരണ ചടങ്ങില്‍ ഏര്യാ കമ്മറ്റി നേതാക്കള്‍ സുരേഷിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ചെറുപുഞ്ചിരിയോടെ ചെറുവാക്കില്‍ സുരേഷിന്റെ നന്ദി പ്രസംഗം. തുടര്‍ന്ന് അദ്ദേഹത്തെ തുറന്ന ജീപ്പിലേക്ക് ആനയിച്ചു. നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ അടുത്ത സ്വീകരണസ്ഥലത്തേക്ക്. കുന്നംപാറയിലും തിട്ടമംഗലത്തും പുഷ്പവൃഷ്ടിയോടെ അമ്മമാരുടെ സംഘമാണ് സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. ”ഞങ്ങളുടെ എല്ലാവരുടേയും അനുഗ്രഹമുണ്ട്… ജയിച്ചുവരൂ…” അമ്മമാര്‍ സുരേഷിനോട് പറഞ്ഞു. എല്ലാവരോടും നന്ദി പറഞ്ഞത് അടുത്ത സ്വീകരണസ്ഥലമായ കുണ്ടമണ്‍കടവ് ദേവീക്ഷേത്രനടയിലെത്തിയപ്പോള്‍ കോരിച്ചൊഴിഞ്ഞ മഴ. മഴയെ തകര്‍ക്കുന്ന ആവേശത്തോടെ പ്രവര്‍ത്തകര്‍ക്കൊപ്പം വീണ്ടും അടുത്ത സ്വീകരണസ്ഥലത്തേക്ക്. രാത്രി വൈകി ശാസ്തമംഗലത്തെ ശങ്കര്‍ലെയിനിലാണ് ഇന്നലത്തെ വാഹനപര്യടനം സമാപിച്ചത്.
രാവിലെ മരുതംകുഴിയിലെ വീടുകളിലും പള്ളികളിലും ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമത്തിലും സ്ഥാനാര്‍ഥി സന്ദര്‍ശനം നടത്തി. ഇന്ന് വൈകിട്ട് കൊടുങ്ങാനൂരില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ ബിജെപി നേതാക്കളായ പി.കെ. കൃഷ്ണദാസും സന്ദീപ് ജി. വാര്യരും സംസാരിക്കും. എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ വാഹന പര്യടനം ഇന്ന് വൈകിട്ട് കുറവന്‍കോണം ജംഗ്ഷനില്‍ നിന്നാരംഭിച്ച് അമ്പലമുക്കില്‍ സമാപിക്കും.
















