തളിപ്പറമ്പ്: തൃച്ചംബരത്തപ്പന്‍ വര്‍ഷത്തില്‍ മൂന്നു തവണ നീരാടുന്ന, നൂറ്റാണ്ടുകള്‍ പഴക്കമുള്ള തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം ആറാട്ടു ചിറയുടെ നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ചെളിയും കല്ലും ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സേവന സന്നദ്ധരായെത്തിയവര്‍ മുന്നൂറില്‍പ്പരം. സേവാഭാരതി പ്രവർത്തകരും ഇവർക്കൊപ്പം ചേർന്നു.
അതി രാവിലെ തന്നെ സേവാഭാരതി പ്രവര്‍ത്തകര്‍ എത്തി പ്രവര്‍ത്തിയില്‍ മുഴുകി. നഗരസഭാ കൗണ്‍സിലര്‍ കെ. വത്സരാജും സംഘത്തിന്റെ തൃച്ചംബരം മേഖലയിലെ മുതിര്‍ന്ന പ്രവര്‍ത്തകരും സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് പ്രചോദനമായി കൂടെയുണ്ടായിരുന്നു. ക്ഷേത്രച്ചിറയുടെ നവീകരണത്തിന് എല്ലാ സഹായവും ചെയ്യാന്‍ സേവാഭാരതി സന്നദ്ധമാണെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.
മോട്ടോര്‍ ഉപയോഗിച്ച് വെള്ളം വറ്റിച്ച ശേഷം ചിറയിലുണ്ടായിരുന്ന ചെളി നീക്കം ചെയ്യല്‍ ഇന്നലെ രാവിലെ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഭഗവാനുവേണ്ടി സേവനം ചെയ്യാന്‍ രാവിലെ ആറ് മണിക്ക് മുമ്പായിത്തന്നെ നൂറുകണക്കിന് ആളുകളും സേവാഭാരതിയുടെ പ്രവർത്തക്രും ക്ഷേത്രച്ചിറയുടെ പരിസരത്ത് എത്തി. ടിടികെ ദേവസ്വത്തിന്റെയും ശ്രീകൃഷ്ണ സേവാസമിതിയുടെയും നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തികള്‍ നടക്കുന്നത്. മൂന്ന് ഘട്ടമായാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക.
ആദ്യഘട്ടമായ ചളിനീക്കല്‍ പ്രവര്‍ത്തിയാണ് ഇന്നലെ നടന്നത്. രണ്ടാം ഘട്ടത്തില്‍ പൊട്ടിപ്പൊളിഞ്ഞ പടവുകള്‍ നന്നാക്കും. പഴയതുപോലെ തന്നെ ചെങ്കല്ല് ഉപയോഗിച്ച് സിമന്റും മറ്റും ഉപയോഗിക്കാതെ കല്ലുകള്‍ ഉരച്ച് കെട്ടുകയാണ് ചെയ്യുക. മൂന്നാംഘട്ടത്തില്‍ സുരക്ഷാ മതില്‍ നിര്‍മ്മിക്കുകയും ചിറയ്‌ക്ക് ചുറ്റും നടപ്പു വഴിയും സൗന്ദര്യവല്‍ക്കരണവും നടക്കും. ചിറയില്‍ സ്ത്രീകള്‍ക്ക് മാത്രമായി കുളിപ്പുര നിര്‍മ്മിക്കും. നവീകരണത്തിനു ശേഷം ചിറയില്‍ എണ്ണ, സോപ്പ്, വസ്ത്രം അലക്കല്‍ എന്നിവയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ഒരു കോടി രൂപയാണ് ചിറ നവീകരിക്കുന്നതിന് ചെലവായി വരിക.
ഇന്നലെ ആരംഭിച്ച നവീകരണ പ്രവര്‍ത്തികള്‍ക്ക് ടിടികെ ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരി, ശ്രീകൃഷ്ണ സേവാസമിതി പ്രസിഡന്റ് പ്രൊഫ. എം.പി. ലക്ഷ്മണന്‍, സെക്രട്ടറി എ. അശോക് കുമാര്‍, തളിപ്പറമ്പ് നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി രമാനന്ദ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ. വത്സരാജന്‍, ദീപ രഞ്ജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. ശ്രമദാനത്തില്‍ പങ്കെടുത്തവര്‍ക്ക് ആവശ്യമായ ഭക്ഷണമൊരുക്കി വാര്യര്‍ സമാജം ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
















