വട്ടിയൂര്‍ക്കാവ്: ഇടത് വലത് മുന്നിണികള്‍ മാറി മാറി ഭരിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ചെയ്തുതരാതെ വഞ്ചിച്ചവര്‍ക്കെതിരെയുള്ള വിധിയെഴുത്തായിരിക്കും തങ്ങളുടേതെന്ന് നെട്ടയം മലമുകളിലെ കോളനി നിവാസികള്‍. എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. എസ്. സുരേഷ് വോട്ടഭ്യര്‍ത്ഥിച്ചെത്തിയപ്പോഴാണ് ഇടത് വലത് മുന്നണികള്‍ക്കെതിരെയുള്ള പ്രതിഷേധം അണപൊട്ടിയത്.
ജയിച്ചുപോയാല്‍ എംഎല്‍എയും കൗണ്‍സിലര്‍മാരും പിന്നെ ഈ പ്രദേശത്തേയ്‌ക്ക് തിരിഞ്ഞ് നോക്കില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. അതുകൊണ്ടുതന്നെ ഇത്തവണ തങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് മാത്രമേ വോട്ടു ചെയ്യൂ എന്നാണ് ഇവിടത്തെ ജനങ്ങള്‍ ഒന്നടങ്കം പറയുന്നത്. ജയിച്ചാല്‍ നിങ്ങളോടൊപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയാണ് സുരേഷ് അടുത്ത സ്ഥലത്തേയ്‌ക്ക് യാത്രയായത്.
ഇന്നലെ രാവിലെ വര്‍ക്കല ശിവഗിരിമഠം സന്ദര്‍ശിച്ചാണ് സുരേഷ് തന്റെ പ്രചരണം ആരംഭിച്ചത്. എട്ടുമണിയോടെ കണ്ണമ്മൂലയില്‍ എത്തി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട്യര്‍ത്ഥിച്ചു. ഉച്ചയോടെ നെട്ടയം സിപിടി ജംഗ്ഷനിലെത്തി സമീപത്തെ വീടുകളിലും കടകളിലും കയറി വോട്ടഭ്യര്‍ത്തിച്ചു.
തകര്‍ന്ന് തരിപ്പണമായി കിടന്ന വട്ടിയൂര്‍ക്കാവ് നെട്ടയം റോഡിന്റെ അറ്റകുറ്റപണികള്‍ നടക്കുകയായിരുന്നു ആ സമയം. ‘തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ടാണ് റോഡ് പണി ആരംഭിച്ചത്. ഈ റോഡ് തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്’. വോട്ട് ചോദിച്ചെത്തിയ സ്ഥാനാര്‍ത്ഥിയോട് ജംഗ്ഷനില്‍ നിന്ന സമീപവാസിയായ മണിയന്‍ പറഞ്ഞ വാക്കുകളാണിത്.
സ്ഥാനാര്‍ത്ഥി എത്തിയതറിഞ്ഞ് പോളിടെക്‌നിക്കലിലെ വിദ്യാര്‍ത്ഥികള്‍ കോളേജിന് പുറത്തെത്തി. ചിലര്‍ ഒപ്പം നിന്ന് സെല്‍ഫിയും എടുത്തു. മീനിക്കോണത്തിയ സ്ഥാനാര്‍ത്ഥിയെ ബിഎംഎസ് പ്രവര്‍ത്തകര്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മണികണ്‌ഠേശ്വരത്തെത്തിയപ്പോള്‍ എതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി.കെ പ്രശാന്തും എത്തി. പരസ്പരം അഭിവാദ്യമര്‍പ്പിച്ച് ഇരുവരും വീണ്ടും വോട്ടര്‍മാരുടെ അടുത്തേയ്‌ക്ക്. പട്ടം, കുറവന്‍കോണം പ്രദേശങ്ങളിലും ഇന്നലെ വൈകിട്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥിച്ചെത്തി.
















