ന്യൂദൽഹി: ബിജെപി എംഎൽഎ പൂർണേഷ് മോദി നൽകിയ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ ഹാജരായി. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നിശ്ശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. കേസ് പരിഗണിക്കുന്നത് കോടതി ഡിസംബർ പത്തിലേക്ക് മാറ്റി.
മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന പരാമർശത്തിനെതിരെയാണ് പൂർണേഷ് മോദി കേസ് നൽകിയത്. ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ബി.എച്ച് കപാഡിയ കഴിഞ്ഞ മെയില്‍ ഇതു സംബന്ധിച്ച സമന്‍സ് നല്‍കിയിരുന്നു. കർണാടകയിലെ കോളാറിൽ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു രാഹുലിന്റെ വിവാദ പരാമർശം. ഇതേ പരാമർശത്തിന് ബീഹാറിലെ ബിജെപി നേതാവ് സുശീൽ കുമാർ മോദി നൽകിയ അപകീർത്തി കേസിൽ പാട്ന കോടതി രാഹുലിന് ജാമ്യം നൽകിയിരുന്നു.
ഏപ്രിൽ പതിമൂന്നിന് നടത്തിയ പ്രസംഗത്തിൽ നീരവ് മോദിയേയും ലളിത് മോദിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും പേരെടുത്താണ് രാഹുൽ വിമർശിച്ചത്. ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലപാതകി എന്ന് വിളിച്ച കേസില്‍ രാഹുല്‍ ഗാന്ധി നാളെ അഹമ്മദാബാദ് കോടതിയില്‍ ഹാജരാകും.
















