കോന്നി: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതിന് നരേന്ദ്രമോദിസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്എന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. കോന്നിയില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആചാരാനുഷ്ഠാനങ്ങളുടെ നിജസ്ഥിതി മനസിലാക്കിയുള്ള വിധിയാണ് വരുന്നതെങ്കില്‍ ആശങ്കക്ക് വകയില്ല. മറിച്ചാണെങ്കില്‍ വിശ്വാസസംരക്ഷണത്തിനുതകുന്ന നിയമനിര്‍മ്മാണം നടത്തുക തന്നെ ചെയ്യും.
ശബരിമല വിഷയത്തിനു ശേഷം നടന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ ശബരിമലയെ സംബന്ധിച്ച നയം വ്യക്തമാക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ പറയണം. വാളയാറിനപ്പുറം അവരുടെ നയം വേരെയാണ്. ശബരിമലയ്‌ക്കായി നിയമം നിര്‍മ്മിക്കുമെന്ന് ചെന്നിത്തലയും കൂട്ടരും പറയുന്നത് ജനങ്ങളെ കബളിപ്പിക്കാനാണ്.
ശബരിമലയിലെ ആചാരലംഘനങ്ങള്‍ നവോധാനത്തിനു വേണ്ടിയാണെന്നാണ് പിണറായി സര്‍ക്കാര്‍ പറയുന്നത്. സ്വസമുദായ സ്‌നേഹം ഇതരസമുദായങ്ങളോടുള്ള വൈരമല്ല എന്നു പറഞ്ഞ മന്നത്ത് ആചാര്യന്റെ പിന്‍മുറക്കാരെ ഒഴിവാക്കിക്കൊണ്ടുള്ള എന്ത് നവോധാനമാണ് സര്‍ക്കാരിനു നടത്താന്‍ കഴിയുന്നത്. കേരള ചരിത്രത്തില്‍ നവോധാനത്തിന്റെ യഥാര്‍ത്ഥ സൂര്യന്‍ മന്നത്തു പദ്മനാഭനാണ്.
വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ല. തുല്യ നീതി എല്ലാവര്‍ക്കും ഉറപ്പു വരുത്തുകയാണ് ഒരു ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടത്. ശബരിമലയിലെ നയമല്ല പിറവത്തും മരടിലും ഇടത് സര്‍ക്കാര്‍ കാണിച്ചത്. നരേന്ദ്രമോദി സര്‍ക്കാരിന് ശബരിമല രാഷ്‌ട്രീയ വിഷയമല്ല. തെരെഞ്ഞെടുപ്പ് വരുമ്പോള്‍ ഉയര്‍ത്തിക്കാട്ടുകയും അത് കഴിയുമ്പോള്‍ മറന്നുപോവുകയുമല്ല ബിജെപിയുടെ നിലപാട്.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ എല്ലാം ശരിയാവും എന്ന മുദ്രാവാക്യം ഇന്ന് ഡിവൈഎഫ്‌ഐക്കാര്‍ പോലും പറയുന്നില്ല. മൂന്നര വര്‍ഷത്തെ പിണറായി സര്‍ക്കാര്‍ ഭരണത്തിനിടയില്‍ ആ മുദ്രാവാക്യം പോലും ഓര്‍മിക്കാന്‍ ആരും ഇഷ്ടപ്പെടുന്നില്ല. കേരളത്തിലാര്‍ക്കും നീതി ലഭ്യമാക്കാന്‍ സര്‍ക്കാരിനു കഴിയുന്നില്ല. സെക്രട്ടറിയേറ്റില്‍ പോലും ശമ്പളം മുടങ്ങുന്നു. ബാര്‍കോഴയുടെ പേരില്‍ അധികാരത്തിലെത്തിയവര്‍ ബാറുകള്‍ തുറന്നുകൊണ്ടേ ഇരിക്കുന്നു. ഭരണരംഗത്ത് ഒരുകാര്യത്തിലും വിജയിക്കാത്ത പിണറായി വിജയനെ ജനങ്ങള്‍ പരായജന്‍ എന്നാണ് വിളിക്കുന്നത്.
പറഞ്ഞതൊക്കെ പ്രാവര്‍ത്തികമാക്കുന്നതാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ നയം. കേരളത്തിലും പറഞ്ഞത് നടപ്പാക്കാനുള്ള സര്‍ക്കാര്‍ ഉണ്ടാവണം. അതിനുള്ള രാഷ്‌ട്രീയ മറ്റത്തിനു കോന്നി തുടക്കമാവണം. കോന്നിയുടെ അവികസിതാവസ്ഥയ്‌ക്ക് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ പരിഹാരം കാണാന്‍ കെ. സുരേന്ദ്രനാവുമെന്നും അതിനുള്ള അവസരം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
















