കോന്നി: ജനകീയപ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ജയില്‍വാസം അനുഷ്ടിക്കാനും തയ്യാറാകുന്ന ജന നായകന് ആവേശോജ്വല സ്വീകരണം നല്‍കി കോന്നി നിവാസികള്‍. കോന്നി നിയോജക മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ തെരെഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടന വേദി ജന സഹസ്രങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.
വിശ്വാസാചാരങ്ങള്‍ സംരക്ഷിക്കാന്‍ മുന്നണി പോരാളിയായി നിന്ന കെ. സുരേന്ദ്രന് വിജയാശംസകളുമായി കണ്‍വന്‍ഷന്‍ ആരംഭിക്കുന്നതിനു മുമ്പ് തന്നെ അമ്മമാരടക്കമുള്ള സ്ത്രീകളുടെ വന്‍നിര സദസിലെത്തി. വിവിധ പഞ്ചായത്തുകളിലെ ഭവന സന്ദര്‍ശനത്തിനു ശേഷം വേദിയിലേക്കെത്തിയ സ്ഥാനാര്‍ത്ഥിയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയും ജയാരവത്തോടെയുമാണ് യുവ തലമുറ ആനയിച്ചത്. സദസിലെത്തിയ സുരേന്ദ്രനെ സദസ് ഒന്നടങ്കം എഴുന്നേറ്റ് നിന്ന് ഹര്‍ഷാരവത്തോടെ സ്വീകരിച്ചു. എലിയറയ്‌ക്കല്‍ മുല്ലയ്‌ക്കല്‍ മൈതാനത്ത് നടന്ന കണ്‍വന്‍ഷന്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പത്മകുമാര്‍ അദ്ധ്യക്ഷനായി. മുന്‍കേന്ദ്ര മന്ത്രി അല്‍ഫോ ണ്‍സ് കണ്ണന്താനം മുഖ്യ പ്രഭാഷണം നടത്തി. എന്‍ഡിഎ സംസ്ഥാന കോ-കണ്‍വീനര്‍ രാജന്‍ കണ്ണാട്ട്, കെപിഎംഎസ് സംസ്ഥാന അദ്ധ്യക്ഷന്‍ നീലകണ്ഠന്‍ മാസ്റ്റര്‍, പിഎസ്‌പി സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പന്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍, എന്‍കെസി സംസ്ഥാന വൈസ് പ്രസിഡന്റ് ജയിംസ് കുന്നപ്പള്ളി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ജി. രാമന്‍നായര്‍, ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ തഴവ സഹദേവന്‍, ജനപക്ഷം നേതാവ് ഷോണ്‍ ജോര്‍ജ്, ഡ്വ. ഇ.വി. ഫിലിപ്പ്, കാലടി ബൈജു, അഡ്വ. പ്രഹഌദന്‍, അഡ്വ.കെ.കെ. രാധാകൃഷ്ണന്‍, സി. കൃഷ്ണകുമാര്‍, പ്രമീളാ ദേവി, അശോകന്‍ കുളനട, ഷാജി ആര്‍ നായര്‍, എസ്.എന്‍. ഹരി കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















