അമ്പലപ്പുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള തകഴി ക്ഷേത്രഭൂമി കയ്യടക്കാന്‍ പിഡബ്ല്യുഡി ശ്രമം. തിരുവല്ല റോഡ് വികസനവുമായി ബന്ധപ്പെട്ട് ഓട നിര്‍മിക്കാനെന്ന പേരിലാണ് ക്ഷേത്രഭൂമിയില്‍ സ്ഥാപിച്ചിരിക്കുന്ന കാണിക്ക മണ്ഡപം തകര്‍ക്കാന്‍ മരാമത്ത് വിഭാഗം ശ്രമം തുടങ്ങിയത്.
നിലവില്‍ കാണിക്ക മണ്ഡപത്തോടു ചേര്‍ന്നുള്ള ക്ഷേത്രഭൂമിയില്‍ ദേവസ്വം ബോര്‍ഡിന് മാസവാടക നല്‍കിയാണ് കച്ചവട സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എല്ലാവര്‍ഷവും കൃത്യമായി വാടക ചീട്ട് എഴുതിയാണ് ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ ഇത് മരാമത്ത് ഭൂമിയാണെന്നും കാണിക്ക മണ്ഡപവും കച്ചവട സ്ഥാപനങ്ങളും ഇവിടെനിന്ന് നീക്കം ചെയ്യണമെന്നും കാട്ടി മരാമത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ദേവസ്വം ബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസര്‍ക്ക് കത്തു നല്‍കിയിരുന്നു.
ഇതേത്തുടര്‍ന്ന് മരാമത്ത് വിഭാഗത്തിന്റെ അവകാശവാദം തെറ്റാണെന്നും തകഴി ദേവസ്വം പൊതുമരാമത്തിന്റെ ഭൂമി കയ്യേറിയിട്ടില്ലെന്നും നിലവിലുള്ള റോഡുപോലും ദേവസ്വം ഭൂമിയിലാണെന്നുകാട്ടി മരാമത്ത് വിഭാഗത്തിന് മറുപടി കത്ത് നല്‍കി. ഭൂമിക്ക് ദേവസ്വം കരമടയ്‌ക്കുന്ന രസീതും കോടതി ഉത്തരവും ഇതോടൊപ്പം നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വീണ്ടും മരാമത്ത് വിഭാഗം ദേവസ്വം ബോര്‍ഡിനു കാണിക്ക മണ്ഡപം ഉള്‍പ്പെടെ നീക്കം ചെയ്യണമെന്ന് കാട്ടി കത്തയയ്‌ക്കുകയായിരുന്നു.
ഭൂമി മരാമത്ത് വിഭാഗത്തിനു വിട്ടുകൊടുക്കുവാന്‍ രഹസ്യ നീക്കം നടക്കുന്നതായി ഭക്തര്‍ ആരോപിച്ചു. ഇതേത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ക്ഷേത്രഭൂമി സംരക്ഷിക്കണമെന്നും മരാമത്ത് വിഭാഗത്തിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും ആവശ്യപ്പെട്ട് ക്ഷേത്രോപദേശക സമിതി ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കി.
നിലവില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴില്‍ ഏറ്റവും കൂടുതല്‍ ഭൂസ്വത്തുക്കള്‍ ഉള്ള ക്ഷേത്രം കൂടിയാണ് തകഴി ശ്രീധര്‍മശാസ്താ ക്ഷേത്രം. സ്വന്തമായി ആറാട്ടുകടവു വരെയുള്ള അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണിത്. തകഴി ക്ഷേത്രഭൂമി കയ്യേറി ഓട പണിയുവാനുള്ള ഏതു നീക്കവും ഹൈന്ദവ സംഘടനകള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
















