തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലത്തിലെ എന്‍ഡിഎ മണ്ഡലം കണ്‍വെന്‍ഷനില്‍ വന്‍ജനപങ്കാളിത്തം. പേരൂര്‍ക്കട കൗസ്തുഭം ഓഡിറ്റോറിയത്തില്‍ ഇന്നലെ വൈകിട്ട് 5 നാണ് പരിപാടി നിശ്ചയിച്ചിരുന്നതെങ്കിലും പ്രവര്‍ത്തകര്‍ മണിക്കൂറുകള്‍ക്ക് മുന്നേ ഓഡിറ്റോറിയം കീഴടക്കിയിരുന്നു. അകത്തേക്ക് പ്രവേശിക്കാനാകാതെ പലരും പുറത്ത് കാത്തുനിന്നു. അമ്മമാരുടേയും യുവാക്കളുടേയും വന്‍ പങ്കാളിത്തമായിരുന്നു കണ്‍വെന്‍ഷനില്‍.
എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ.എസ് സുരേഷും കുമ്മനം രാജശേഖരനും മറ്റ് നേതാക്കളും ഹാളിലേക്കെത്തിയപ്പോള്‍ ഹര്‍ഷാരവത്തോടെയും മുദ്യാവാക്യങ്ങള്‍ മുഴക്കിയുമാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാനായി കുമ്മനം രാജശേഖരനെ തെരഞ്ഞെടുത്തു. മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍, മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ എന്നിവരാണ് രക്ഷാധികാരികള്‍.
ഇന്നലെ മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെ നേരില്‍ കണ്ട് എന്‍ഡിഎ സ്ഥാനാര്‍ഥി സുരേഷ് വോട്ടഭ്യര്‍ത്ഥിച്ചു. ഗാന്ധിജയന്തിയോടനുബന്ധിച്ച് 35 സ്ഥലങ്ങളില്‍ ഇന്ന് എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തും. ഉച്ചയ്‌ക്ക് കവടിയാരില്‍ നിന്നും പേരൂര്‍ക്കടയിലേക്ക് ഗാന്ധി സ്മൃതി യാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.
















