മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവള നിര്‍മ്മാണ കമ്പനിയായ കിയാലിലെ അഴിമതിക്കെതിരെയും കിയാലിനെ സിഎജി ഓഡിറ്റിന് വിധേയമാക്കുക, നിയമന തട്ടിപ്പില്‍ സമഗ്രാന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ച ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂരിലെ വിമാനത്താവളത്തിലേക്കു നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.
മട്ടന്നൂര്‍ ശിവപുരം റോഡില്‍ നിന്നും നൂറുകണക്കിനു പേര്‍ അണിനിരന്ന മാര്‍ച്ച് രണ്ടര കിലോമീറ്റര്‍ പിന്നിട്ട് മട്ടന്നൂര്‍-അഞ്ചരക്കണ്ടി റോഡ് കാരയിലെ വിമാനത്താവള കവാടത്തിനു മുന്നിലെത്തിയപ്പോള്‍ മട്ടന്നൂര്‍ പോലീസും എയര്‍പ്പോര്‍ട്ട് പോലീസും ചേര്‍ന്ന് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടയുകയായിരുന്നു. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറിച്ചിട്ട് മുന്നോട്ടു കുതിച്ചപ്പോള്‍ പോലീസ് ബലം പ്രയോഗിച്ച് തടഞ്ഞു. പോലീസ് ഏകപക്ഷീയമായി യുവമോര്‍ച്ച പ്രവര്‍ത്തകരെ തള്ളിമാറ്റിയത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. തുടര്‍ന്ന് നേതാക്കള്‍ പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കവാടത്തിനു മുന്നില്‍ റോഡില്‍ കുത്തിയിരുന്നു.
മാര്‍ച്ചിന് യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് കെ.സി. ജിയേഷ്, ജില്ലാ സെക്രട്ടറിമാരായ അഡ്വ. ജൂജി ദേവീദാസ്, വി.വി. മനോജ്, മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ജിതിന്‍ കൂടാളി, പ്രിയേഷ് അളോറ എന്നിവര്‍ നേതൃത്വം നല്‍കി. ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് രാജന്‍ പുതുക്കുടി, ജനറല്‍ സെക്രട്ടറി ഒ. രതീശന്‍, സെക്രട്ടറിമാരായ എ.ഇ. സജു, കെ. നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
















