കോട്ടയം: പാലാ നിയോജക മണ്ഡലത്തിന് 54 വര്‍ഷത്തിനു ശേഷം പുതിയ എംഎല്‍എ. കെ.എം. മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് കോട്ടകളെ തകര്‍ത്താണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ വിജയം നേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിനെ 2943 വോട്ടുകള്‍ക്കാണ് കാപ്പന്‍ പരാജയപ്പെടുത്തിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍. ഹരിക്ക് 18044 വോട്ടുകള്‍ ലഭിച്ചു. എന്‍സിപി സ്ഥാനാര്‍ഥി മാണി സി. കാപ്പന്‍ 54137 വോട്ടുകള്‍ നേടിയപ്പോള്‍ ജോസ് ടോം നേടിയത് 51194 വോട്ടുകളാണ്. 14 റൗണ്ട് കൗണ്ടിങ്ങില്‍ എട്ടു റൗണ്ടിലും കാപ്പന്‍ മുന്നിട്ടു നിന്നപ്പോള്‍ ടോം ജോസ് നാലു റൗണ്ടില്‍ മുന്‍തൂക്കം നേടി. യുഡിഎഫ് ഭൂരിപക്ഷമുള്ള മിക്ക പഞ്ചായത്തുകളും ഇത്തവണ മാണി സി. കാപ്പന് അനുകൂലമായാണ് വിധിയെഴുതിയത്.
ആദ്യമെണ്ണിയ പോസ്റ്റല്‍ വോട്ടില്‍ ഇരുമുന്നണികളും ആറുവീതം വോട്ടുകള്‍ നേടിയപ്പോള്‍ മൂന്നെണ്ണ അസാധുവായി. സര്‍വീസ് വോട്ടുകളില്‍ രണ്ടെണ്ണവും അസാധുവായി. വോട്ടെണ്ണലിന്റെ ആദ്യറൗണ്ടില്‍ യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്ത് ലീഡ് പിടിച്ചു കൊണ്ട് മുന്നേറ്റം ആരംഭിച്ച മാണി സി. കാപ്പന്‍ വ്യക്തമായ ലീഡ് മറ്റു പഞ്ചായത്തുകളിലും നിലനിര്‍ത്തി. യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്ത് ലീഡ് പിടിക്കുമെന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞ മാണി സി കാപ്പന്‍ അതു ശരിവയ്‌ക്കും വിധം 565 വോട്ടുകളുടെ ലീഡാണ് രാമപുരം പഞ്ചായത്തില്‍ നേടിയത്. രണ്ടാം റൗണ്ടില്‍ രാമപുരത്തെ ആറ് ബൂത്തുകളിലും കടനാട് പഞ്ചായത്തിലെ ഭൂരിഭാഗം ബൂത്തുകളും എണ്ണി. രണ്ടാം റൗണ്ട് കഴിഞ്ഞപ്പോള്‍ 751 വോട്ടുകളുടെ ലീഡ്. മൂന്നാം റൗണ്ടില്‍ കടനാട്ടിലെ 9 ബൂത്തുകളും മേലുകാവിലെ 5 ബൂത്തുകളുമാണ് എണ്ണിയത്. മൂന്നാം റൗണ്ടില്‍ കടനാട് എണ്ണി ക്കഴിഞ്ഞപ്പോള്‍ 1570 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു മാണി സി കാപ്പന്.
മേലുകാവിലെ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ കാപ്പന് 2181 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി. ആകെ മൊത്തം മൂന്നാം റൗണ്ട് അവസാനിച്ചപ്പോള്‍ അന്തിമ കണക്ക് പുറത്തു വന്നു. പിന്നീടുള്ള റൗണ്ടുകളില്‍ ഭൂരിപക്ഷം നേരിയ തോതില്‍ ഉയര്‍ത്തി നാലായിരം കടത്തിയെങ്കിലും അവസാന റൗണ്ടുകളില്‍ ജോസ് ടോം മുന്നേറിയതോടെ ഭൂരിപക്ഷം 2943 ആയി കുറയുകയായിരുന്നു.
















