ന്യൂദല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ബസുകള്‍ ഇലക്ട്രിക് അല്ലെങ്കില്‍ പാരമ്പര്യേതര ഊര്‍ജ്ജം ഉപയോഗിക്കും. പെട്രോള്‍- ഡീസല്‍ ഇന്ധനങ്ങളുടെ ഉപഭോഗം ഗണ്യമായി കുറയുമെന്നും കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. എന്നാല്‍ നിലവിലുള്ള വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തില്ല. അവ തുടരുമെന്നും ദല്‍ഹിയില്‍ നടന്ന സംരംഭകരുടെ കോണ്‍ക്ലേവില്‍ കേന്ദ്രമന്ത്രി അറിയിച്ചു.
നിലവില്‍ ഇലക്ട്രിക് വാഹനങ്ങളെ രാജ്യത്ത് നിര്‍ബന്ധമായി ഏര്‍പ്പെടുത്തേണ്ട ആവശ്യകത സര്‍ക്കാരിനില്ല. പക്ഷേ യാതൊരുവിധത്തിലുള്ള സമ്മര്‍ദ്ദവും ഇല്ലാതെ തന്നെ ഇതിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരമ്പരാഗത ഇന്ധനങ്ങള്‍ക്ക് ബദലായി ഇലക്ട്രിക്ക് വാഹനങ്ങളിലേക്കുള്ള ചുവടുമാറ്റം സ്വാഭാവികമായി തന്നെ നടക്കും. ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബയോ സിഎന്‍ജി, എഥനോള്‍, മെഥനോള്‍ എന്നിവയാകും വാഹനങ്ങളുടെ ഭാവിയിലെ ഇന്ധനങ്ങള്‍.
അതേസമയം പഴയ വാഹനങ്ങള്‍ പൊളിച്ച സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് പുതിയ വാഹനങ്ങള്‍ക്കു രജിസ്ട്രേഷന്‍ ഫീസ് ഒഴിവാക്കാനുളള തീരുമാനം പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















