പാലക്കാട്: വിമുക്തഭടന്മാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന് പാലക്കാട് മണപ്പുള്ളിക്കാവിലെ മിലിട്ടറി കാന്റീനിന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനൊരുങ്ങി കേന്ദ്രപ്രതിരോധ മന്ത്രാലയം. പാലക്കാട്ടെ മിലിറ്ററി കാന്റീനിലെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക് തകരാറിലായി എന്നതിനെ ചൊല്ലി മാസങ്ങളോളം അടച്ചിട്ടിരുന്നു. ഇതിനെതിരെ വ്യാപകമായ പരാതികള്‍ ഉയരുകയും വിമുക്തഭടന്മാര്‍ ധര്‍ണയടക്കമുള്ള സമരവുമായി രംഗത്തിറങ്ങുകയും ചെയ്തു. പ്രശ്‌നം രൂക്ഷമായതോടെ സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ കേന്ദ്രപ്രതിരോധ മന്ത്രാലയം ഉത്തരവിട്ടു.
സൈന്യത്തിന്റെ സതേണ്‍ കമാന്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ മേജര്‍ ജനറല്‍ റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥനോടാണ് പാലക്കാട് കാന്റീനില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സന്ദര്‍ശനം നടത്തി വിമുക്തഭടന്മാരുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിഗണിക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശിച്ചത്. ഇക്കഴിഞ്ഞ ജൂണ്‍ 24നായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. സാമൂഹ്യപ്രവര്‍ത്തകനായ അരുണ്‍ചന്ദ് പാലക്കാട്ടിരി പാലക്കാട് കാന്റീനിന്റെ ദയനീയാവസ്ഥ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
അന്വേഷണത്തില്‍ മാനേജര്‍ ജോലിയില്‍ കൃത്യവിലോപം നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കര്‍ശന ശാസന നല്‍കുകയായിരുന്നു. ജീവനക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വം ശരിയായ രീതിയില്‍ നിറവേറ്റണമെന്നും നിര്‍ദേശിച്ചു. ജീവനക്കാരുടെ നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും പ്രതിരോധമന്ത്രാലയം നിരീക്ഷിക്കും. കാന്റീനിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ ഘട്ടംഘട്ടമായി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജീവിതത്തിന്റെ നല്ലൊരുശതമാനവും രാജ്യസേവനത്തിനായി നീക്കിവച്ച വിമുക്തഭടന്മാരുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും മനസിലാക്കി അവ പരിഹരിക്കുന്നതിനുള്ള സത്വരനടപടികള്‍ പ്രതിരോധമന്ത്രാലയം കൈക്കൊള്ളുന്നതിന്റെ തെളിവാണിത്.
















