ന്യൂദല്‍ഹി : ഐഎസ്ആര്‍ഒ വികസിപ്പിച്ച ഗതി നിര്‍ണയ സംവിധാനമായ നാവികിന് (നാവിഗേഷന്‍ വിത്ത് ഇന്ത്യന്‍ കോണ്‍സ്റ്റെല്ലേഷന്‍) അന്താരാഷ്‌ട്ര അംഗീകാരം. കാലിഫോര്‍ണിയയില്‍ ഈ മാസം 16 മുതല്‍ 20 വരെ നടന്ന 3ജിജിപി യിലാണ് നാവികിന്റെ പ്രവര്‍ത്തന മികവിന് അംഗീകാരം നല്‍കിയത്.
മൊബൈല്‍ ഫോണുകള്‍ക്കും മറ്റ് ടെലികമ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ക്കും ഇനി നാവിക് ഉപയോഗിച്ച് ഗതിനിയന്ത്രണം സാധ്യമാക്കാം. ആഗോള തലത്തില്‍ അംഗീകാരം നേടിയതോടെ നാവിക്കിനെ വ്യാവസായികമായി ഉപയോഗിക്കാന്‍ ഇന്ത്യക്ക് സാധിക്കും. തദ്ദേശീയമായി വികസിപ്പിച്ച നാവിക്കിന് അന്താരാഷ്‌ട്ര അംഗീകാരം നേടാനായതില്‍ സന്തോഷമുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. ശിവന്‍ അറിയിച്ചു.
ഇതോടെ ഗതിനിര്‍ണയ രംഗത്ത് സ്വന്തമായി പുതിയ സംവിധാനം ഉണ്ടാക്കുന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ. നാവികിനു വേണ്ടി നിലവില്‍ എട്ട് ഉപഗ്രഹങ്ങളാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഏഴെണ്ണം ഗതിനിയന്ത്രണത്തിനും ഒരെണ്ണം സന്ദേശങ്ങള്‍ കൈമാറുന്നതിനുമാണ്. നാവിക്കിനെ അടിസ്ഥാനമാക്കി കൂടുതല്‍ ആപ്പുകള്‍ പുറത്തിറക്കാന്‍ ഐഎസ്ആര്‍ഒയ്‌ക്ക് പദ്ധതിയുണ്ടെന്നം അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തമായി നാവിഗേഷനു വേണ്ടി ഐആര്‍എന്‍എസ്എസ് 1 എ ഉപഗ്രഹമാണ് ഇന്ത്യ ആദ്യം വിക്ഷേപിച്ചത്. പിന്നീട് 2016 ഏപ്രിലിനകം ആറു ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിച്ചതോടെയാണ് സ്വന്തമായി ഗതിനിര്‍ണയ സംവിധാനം പ്രവര്‍ത്തനക്ഷമമായത്.
















