ന്യൂദല്‍ഹി : ഭീകരാക്രമണത്തിന് ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ ഇന്ത്യയിലേക്ക് ആയുധങ്ങള്‍ കടത്തിയത് ചൈനീസ് നിര്‍മിത ഡ്രോണുകള്‍ ഉപയോഗിച്ച്. സുരക്ഷാ ഏജന്‍സികളും, പഞ്ചാബ് പോലീസും സ്ഥിതീകരിച്ചിട്ടുണ്ട്. ഖാലിസ്ഥാന്‍ വാദികളായ ഭീകര സംഘടനകളാണ് ഇതിനു പിന്നില്‍. ഇവര്‍ എട്ട് ഡ്രോണുകള്‍ ഉപയോഗിച്ച് 80 കിലോ ആയുധങ്ങള്‍ ഇന്ത്യയിലേക്ക് എത്തിച്ചതായാണ് സുരക്ഷാ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച ടാരന്‍ ജില്ലയില്‍ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ജമ്മു കശ്മീരില്‍ ഭീകരാക്രമണം നടാനുള്ള പദ്ധതിയിലാണ് ഇത്തരത്തില്‍ ആയുധങ്ങള്‍ എത്തിച്ചിരിക്കുന്നത്. ഈ മാസം ഒമ്പതിനും 16 നും ഇടയിലാണ് ആയുധം വഹിച്ചുകൊണ്ടുള്ള ഡ്രോണുകള്‍ പഞ്ചാബിലേക്ക്് എത്തിയത്.
പാക്കിസ്ഥാന്റെ ചാര സംഘടനയായ ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സ് വഴിയാണ് ആയുധങ്ങള്‍ ശേഖരിച്ചതെന്നാണ് റിപ്പോര്‍ട്ട്. ടാരനില്‍ ഡ്രോണ്‍ വീണതുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ പ്രധാന പ്രതികളുമായ മന്‍സിങ്ങും, മറ്റൊരു പ്രതിയായ ആകാശ് ദീപും ഭീകരരാണെന്ന് പോലീസ് പറഞ്ഞു. പഞ്ചാബ് രജിസ്ട്രേഷന്‍ നമ്പറുള്ള വെളുത്ത മാരുതി സ്വിഫ്റ്റാണ് ഇവര്‍ ഉപയോഗിച്ചിരുന്നത്.
ഒന്നിലധികം ഏജന്‍സികള്‍ അന്വേഷണത്തിനായി രംഗത്ത് ഉണ്ട്. പഞ്ചാബ് പോലീസ്, അതിര്‍ത്തി സുരക്ഷ സേന, ഇന്ത്യന്‍ വ്യോമസേന എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ ചൈനീസ് വാണിജ്യ ഡ്രോണുകളാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി. പാക്കിസ്ഥാനിലെ രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് ഈ ഡ്രോണുകള്‍ പറത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
















