ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിനെയും വധിക്കാന്‍ ജെയ്ഷ ഇ മുഹമ്മദ് ഭീകരര്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണം വിഭാഗം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് ജെയ്ഷ പദ്ധതി തയ്യാറാക്കിയതെന്നാണ് സൂചന.
പ്രധാനമന്ത്രിയെയും അജിത് ദോവലിനെയും അപായപ്പെടുത്താന്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ജെയ്ഷ ഇ മുഹമ്മദുമായി സഹകരിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനെ തുടര്‍ന്ന് രാജ്യത്തെ 30 നഗരങ്ങളില്‍ സുരക്ഷ കര്‍ശ്ശമാക്കുകയും ജാഗ്രത നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ പല ഭാഗത്തും കശ്മീരിലെ സൈനിക വ്യൂഹങ്ങള്‍ക്കും സേനയുടെ താവളങ്ങള്‍ക്കും ചെക്ക് പോസ്റ്റുകള്‍ അടക്കമുള്ള ഇടങ്ങളില്‍ ആക്രമണം നടത്താന്‍ വേണ്ടിയുള്ള ചാവേറുകളെ തയ്യാറാക്കിയതായാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. ജമ്മു, അമൃത്സര്‍, പത്താന്‍കോട്ട, ജയ്‌പൂര്‍, ഗാന്ധി നഗര്‍, കാണ്‍പൂര്‍, ലഖ്‌നൗ അടക്കമുള്ള നഗരങ്ങളിലാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഭീഷണിയുടെ പശ്ചാത്തലത്തില്‍ അജിത് ദോവലിനുള്ള സുരക്ഷ ശക്തമാക്കി. ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്താന്‍ 30 ചാവേറുകളെ ജെയ്ഷ മുഹമ്മദ് തയ്യാറാക്കിയതായി രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു.
















