ന്യൂദല്‍ഹി : ഹൗഡി മോദിയില്‍ പ്രധാനമന്ത്രിക്ക് ലഭിച്ച ജന പിന്തുണ വര്‍ഷങ്ങള്‍ക്ക് മുമ്പ് നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും ലഭിച്ചെന്ന് ട്വീറ്റ് ചെയ്ത് പുലിവാല് പിടിച്ച് ശശി തരൂര്‍. 1954ലെ നെഹ്‌റുവിന്റേയും ഇന്ദിരാഗാന്ധിയുടേയും സന്ദര്‍ശന വേളയിലും വന്‍ സ്വീകരണം ലഭിച്ചിരുന്നെന്നായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
പിആര്‍ വക പ്രചാരണ തന്ത്രങ്ങള്‍ ഒന്നും ഇല്ലാതെയാണ് യുഎസില്‍ ഈ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വീകരണം ലഭിച്ചതെന്നും ശശി തരൂര്‍ അറിയിച്ചിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ കല്ലുകടിക്കുകയായിരുന്നു പിന്നീട് തരൂരിന്റേത്. ഇന്ദിരയ്‌ക്ക് പകരം ഇന്ത്യ ഗാന്ധി എന്നാണ് തരൂര്‍ കുറിച്ചത്. ഇതുകൂടാതെ നെഹ്രുവിനും ഇന്ദിരയ്‌ക്കും സ്വീകരണം നല്‍കുന്നതെന്ന വിധത്തില്‍ ഉയര്‍ത്തിക്കാട്ടിയ ചിത്രവും 1950ല്‍ എടുത്തതായിരുന്നു. അതും സോവിയറ്റ് യൂണിയനില്‍(യുഎസ്എസ്ആര്‍) വെച്ച് എടുത്തതും ആയിരുന്നു.
ഇത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ശശി തരൂരിനെതിരെ നിരവധി ട്രോളുകളാണ് പുറത്തുവന്നിരിക്കുന്നത്. തരൂരിന്റെ ട്വീറ്റ് വന്ന് ഉടന്‍ തന്നെ ട്വിറ്റര്‍ ഉപയോക്താക്കള്‍ പിശക് കണ്ടുപിടിച്ചു. ശശി തരൂരിന്റെ ഇംഗീഷും അദ്ദേഹത്തിന്റെ പ്രസംഗവും ട്രോളുന്ന സമൂഹ മാധ്യമങ്ങള്‍ ഇതും ഏറ്റെടുക്കുകയായിരുന്നു. തരൂരിന്റെ ഇന്ത്യ ഗാന്ധി ട്വിറ്ററിലെ ട്രെന്‍ഡിങ് ഹാഷ്ടാഗാവുകയും ചെയ്തു. ചിത്രം തെറ്റിയ കാര്യവും പലരും കണ്ടുപിടിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
പിന്നീട് പിഴവുകള്‍ മനസ്സിലാക്കിയ തരൂര്‍ ചിത്രം തനിക്ക് മറ്റൊരാള്‍ അയച്ചുതന്നതാണെന്നും അത് തെറ്റാണെന്നും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ വിദേശരാജ്യങ്ങളില്‍ കിട്ടുന്ന ജനപിന്തുണ പ്രഥമ പ്രധാനമന്ത്രിയും ആസ്വദിച്ചിരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
















