കൊച്ചി : പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ ഉന്നത രാഷ്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. കരാറുകാരനായ സുമിത് ഗോയലിന് അഴിമതിക്കു പിന്നിലുള്ള രാഷ്‌ട്രീയ നേതാക്കള്‍ ആരെല്ലാം എന്ന് അറിയാം. കൈക്കൂലി വാങ്ങിയ പൊതുപ്രവര്‍ത്തകരുടെ പേര് വെളിപ്പെടുത്താന്‍ സുമിത് ഗോയലിന് ഭയം ഉണ്ടെന്നും വിജിലന്‍സ് അറിയിച്ചു.
ഉന്നത രാഷ്‌ട്രീയ നേതാക്കളെ ഭയന്നാണ്, കൈക്കൂലി വാങ്ങിയ പൊതുപ്രവര്‍ത്തകരുടെ പേര് സുമിത് ഗോയല്‍ വെളിപ്പെടുത്താത്തത്. സുമിത് ഗോയലിനു ജാമ്യം നല്‍കിയാല്‍ രാഷ്‌ട്രീയ സ്വാധീനം ഉള്ള പ്രതികളെ രക്ഷപ്പെടുത്തും. അതിനാല്‍ ജാമ്യം നല്‍കരുതെന്നും ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് ആവശ്യപ്പെട്ടു.
ഇതുമായി ബന്ധപ്പെട്ട് സുമിത് ഗോയലിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നും വിജിലന്‍സ് കോടതിയില്‍ കൂട്ടിച്ചേര്‍ത്തു.
















