ഹൂസ്റ്റണ്‍ : ഹൗഡി മോദിയില്‍ പ്രധാനമന്ത്രിക്കും, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനുമൊപ്പം അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ താരമായി സ്പര്‍ശ് ഷാ എന്ന പതിനാറുകാരനും. ഓസ്റ്റിയോജനിസിസ് ഇംപെര്‍ഫെക്ട് എന്ന അസ്ഥികള്‍ പൊട്ടുന്ന രോഗം എന്നറിയപ്പെടുന്ന അപൂര്‍വ വൈദ്യാവസ്ഥയില്‍ ജനിച്ച ഈ കൊച്ചുമിടുക്കനാണ് ഹ്യൂസ്റ്റണിലെ എന്‍ആര്‍ജി സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ദേശീയഗാനം ആലപിച്ച് ജന മനസ്സ് കീഴടക്കിയത്.
യുഎസിലെ ന്യൂജേഴ്‌സിയില്‍ നിന്നുള്ള സ്പര്‍ശ് റാപ്പര്‍, ഗായകന്‍, ഗാനരചയിതാവ്, മോട്ടിവേഷന്‍ സ്പീക്കര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനെ രോഗാവസ്ഥ ഒരിക്കലും ബാധിക്കില്ലെന്ന് തെളിയിക്കുന്നതാണ് സ്പര്‍ശിന്റെ ജീവിതം. യൂട്യൂബില്‍ മാത്രം 15 ദശലക്ഷത്തിലധികം ആളുകള്‍ കണ്ട എമിനാമിന്റെ ജനപ്രിയ ഗാനമായ നോട്ട് അഫ്രൈഡ് ആലപിക്കുന്നത് റെക്കോര്‍ഡു ചെയ്തതാണ് അവന്റെ ജീവിതത്തിലുണ്ടായ ആദ്യ വഴിത്തിരിവ്.
അസാധാരാണ കഴിവുള്ള ഈ 16കാരനെക്കുറിച്ച് എമിനാം തന്നെ നേരിട്ട് ട്വീറ്റ് ചെയ്തിരുന്നു. ടെഡ് ടോക്സ്, ദ സ്റ്റീവ് ഹാര്‍വി ഷോ, ഡോണ്‍ ഫ്രഞ്ച് അവതരിപ്പിച്ച ലിറ്റില്‍ ബിഗ് ഷോട്ട്സ് തുടങ്ങിയ അന്താരാഷ്‌ട്ര ടാലന്റ് ഷോകളിലും പിന്നീട് സ്പര്‍ശ് പ്രത്യക്ഷപ്പെട്ടിരുന്നു.
കോന്‍ ബനേഗ കോര്‍പതിയെന്ന ടെലിവിഷന്‍ പരിപാടിയിലും അവന്‍ നേരത്തെ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും കണ്ടുമുട്ടുന്നതില്‍ താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും പരിപാടിക്ക് മുന്നോടിയായി സ്പര്‍ശ് പറഞ്ഞിരുന്നു.
















