ന്യൂയോര്‍ക്ക്: ‘ഹൗഡി മോദി’ പൊതുസമ്മേളനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലും തന്റെ സ്വപ്‌ന പദ്ധതിയായ ‘സ്വച്ഛ്ഭാരത്’ നടപ്പിലാക്കി. പരിപാടിക്ക് പങ്കെടുക്കാനായി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ ഇന്ത്യയിലെ യു.എസ് അംബാസഡര്‍ കെന്നത്ത് ജസ്റ്റര്‍, യു.എസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ദ്ധന്‍ ഉള്‍പ്പടെ നിരവധി ഉദ്യോഗസ്ഥരെത്തിയിരുന്നു. ഇവര്‍ നരേന്ദ്ര മോദിക്ക് പൂച്ചെണ്ട് നല്‍കിയാണ് സ്വീകരിച്ചത്. ഇതിനിടെ പൂക്കളില്‍ ചിലത് നിലത്തു വീണു. നിലത്ത് ഉതിര്‍ന്നുവീണ പൂക്കള്‍ ചവിട്ടാതിരിക്കാന്‍ മോദി തന്നെ എടുത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു.
ഈ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. എഎന്‍ഐ പുറത്തു വിട്ട വീഡിയോ കണ്ട് പ്രധാനമന്ത്രിക്ക് പ്രശംസയുമായി നിരവധി പേരാണ് രംഗത്തെത്തിയത്. പ്രധാനമന്ത്രിയുടെ ലാളിത്യത്തെ സൂചിപ്പിച്ചും ശ്രദ്ധയെ ചുണ്ടിക്കാട്ടിയും നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിച്ചത്. ഇന്ന് ഹൗഡി മോദി റാലിക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്യാനൊരുങ്ങി ഹൂസ്റ്റണ്‍ ഒരുങ്ങി. മറ്റൊരു രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട നേതാവിന്റെ പരിപാടിക്കായി അമേരിക്കയില്‍ ഒത്തുചേരുന്ന ഏറ്റവും വലിയ ജനക്കൂട്ടമായിരിക്കും ഹൂസ്റ്റണിലേത്. ചുഴലിക്കാറ്റും മഴയും മൂലം ഹൂസ്റ്റണില്‍ പ്രതികൂല കാലാവസ്ഥയാണുള്ളതെങ്കിലും മോദിയെത്തുന്നതിന്റെ ആവേശത്തിലാണ് അമ്പതിനായിരത്തില്‍പരം ഇന്ത്യക്കാര്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൂടി എത്തുന്നതോടെ, ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി അഭിസംബോധന ചെയ്യുന്ന ആദ്യ പൊതുപരിപാടി കൂടിയാകുമിത്. അമേരിക്കയിലെ വലിയ സ്റ്റേഡിയങ്ങളിലൊന്നായ എന്‍ആര്‍ജി ഫുട്‌ബോള്‍ സ്റ്റേഡിയമാണ് മൂന്ന് മണിക്കൂര്‍ നീളുന്ന ഹൗഡി മോദിക്ക് വേദിയാകുക. ചടങ്ങ് അവിസ്മരണീയമാക്കാന്‍ 1500ല്‍പരം സന്നദ്ധസേവകര്‍ മുന്നൊരുക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു. അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി ഹര്‍ഷ് വി. ഷ്രിംഗള ഒരുക്കങ്ങള്‍ വിലയിരുത്തി.
ദൃഢമായ സൗഹാര്‍ദം വിളിച്ചോതുന്ന തരത്തില്‍ ഇരുരാജ്യങ്ങളുടെയും പതാകകളേന്തി വെള്ളിയാഴ്ച കാര്‍ റാലി സംഘടിപ്പിച്ചിരുന്നു. ‘വീണ്ടും നമോ’ എന്നെഴുതിയ വസ്ത്രങ്ങള്‍ ധരിച്ചാണ് സംഘാടകരും സന്നദ്ധസേവകരുമെത്തിയത്. ഇരു രാജ്യങ്ങളുടെയും ഐക്യത്തിന്റെയും സംസ്‌കാരങ്ങളുടെയും ആഘോഷമാകും ചടങ്ങ്. ദൃഢമാകുന്ന ഇന്ത്യ-അമേരിക്ക ബന്ധത്തിലൂന്നിയാകും ചടങ്ങില്‍ മോദി സംസാരിക്കുകയെന്ന് സംഘാടകര്‍ പറഞ്ഞു. ഹൗഡി മോദിയിലെ സാന്നിധ്യത്തിലൂടെ പ്രധാനമന്ത്രിയോടുള്ള ആദരവും സൗഹൃദവുമാണ് ട്രംപ് ഉയര്‍ത്തിക്കാട്ടുന്നത്.
ഇന്ത്യന്‍ സമൂഹത്തിന്റെ ഊര്‍ജവും വൈവിധ്യവും വിളിച്ചോതുന്ന, 400 കലാകാരന്മാര്‍ അണിനിരക്കുന്ന, വോവണ്‍ എന്ന സാംസ്‌കാരിക പരിപാടിയോടെയാണ് ചടങ്ങിന് തുടക്കം. അമേരിക്കന്‍ സമയം രാവിലെ 10.30ന് ആരംഭിക്കുന്ന പരിപാടി 1.30 വരെ ഹിന്ദി, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകളില്‍ തത്സമയം സംപ്രേഷണം ചെയ്യും.
















