ന്യൂദല്‍ഹി: ജോലിയിലെ അനാസ്ഥയും ഭരണകക്ഷിയിലെ നേതാവുമായുള്ള ബന്ധവുമാണ് മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായ വിജയ കെ താഹില്‍ രമണിയുടെ സ്ഥലം മാറ്റത്തിന് പ്രധാന കാരണമെന്ന് കൊളീജിയം റിപ്പോര്‍ട്ട്. കൂടാതെ കേസുകള്‍ പരിഗണിക്കുന്നതിലും ജസ്റ്റിസ് താഹില്‍ രമണി വീഴ്ച വരുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മേഘാലയിലേക്കാണ് ഇവരെ സ്ഥലം മാറ്റിയത്.
ഗുരുതരമായ കാരണങ്ങളാണ് കൊളീജിയം റിപ്പോര്‍ട്ടില്‍ ജസ്റ്റിസിനെതിരെ ഉള്ളത്. വലിയ തിരക്കുള്ള മദ്രാസ് ഹൈക്കോടതിയില്‍ ഉച്ചയ്‌ക്ക് ശേഷം ജസ്റ്റിസ് താഹിര്‍ രമണി കേസുകള്‍ പരിഗണിച്ചിരുന്നില്ല. കൂടാതെ വളരെ കുറച്ചു സമയം മാത്രമാണ് ഇവര്‍ കോടതിയില്‍ ചെലവഴിച്ചിരുന്നത്. ഇത് മറ്റു ജഡ്ജിമാരുടെ ജോലിയിലെ അനാസ്ഥയ്‌ക്കും കാരണമായി. രാഷ്‌ട്രീയ നേതാവുമായുള്ള അതിരുകടന്ന അടുപ്പമാണ് മറ്റൊരു ഗുരുതരകാരണമായി റിപ്പോര്‍ട്ടില്‍ കൊളിജീയം പറയുന്നത്.
മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ഇന്ദിര ബാനര്‍ജി തമിഴ് നാട്ടിലെ വിഗ്രഹ മോഷണക്കേസുകള്‍ പരിഗണിക്കുന്നതിന് ഹൈക്കോടതിയില്‍ ഒരു ബെഞ്ച് രൂപീകരിച്ചിരുന്നു. എന്നാല്‍ ഈ ബെഞ്ചിനെ ഏകപക്ഷീയമായി താഹിര്‍ രമണി പിരിച്ചുവിട്ടത് വലിയ പിഴവായി കൊളീജിയം കാണുന്നു. കൂടാതെ ചെന്നൈയില്‍ രണ്ട് അപാര്‍ട്‌മെന്റുകള്‍ വാങ്ങിയെന്നതും ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നതും ഗുരുതര വീഴ്ചയായി കൊളീജിയം ചൂണ്ടിക്കാണിക്കുന്നു.സെപ്റ്റംബര്‍ 12ന് സുപ്രീം കോടതിയുടെ സെക്രട്ടേറിയറ്റ് ജനറലിന്റെ വാര്‍ത്താക്കുറിപ്പില്‍ താഹില്‍ രമണിയുടെ സ്ഥലം മാറ്റത്തിനുള്ള കാരണങ്ങള്‍ ആവശ്യമെങ്കില്‍ വെളിപ്പെടുത്താമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും ഒദ്യോഗിക രേഖകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.
















