തിരുവനന്തപുരം: തലസ്ഥാനത്തെ പ്രശസ്തമായ സ്‌ക്കൂളില്‍ അധ്യാപികമാരെ സ്‌ക്കൂള്‍ സമയത്ത് ഇരിക്കാന്‍പോലും അനുവദിക്കാതെ എട്ട് പീരീയഡ് തുടര്‍ച്ചയായി നിര്‍ത്തി ജോലി ചെയ്യിക്കുന്നതായും അവധിസമയങ്ങളില്‍ പോലും മെമ്മോ ഉള്‍പ്പെടെ നല്‍കി പീഡിപ്പിക്കുന്നതായും പരാതി. അധ്യാപികമാരുടെ പരാതിയെ തുടര്‍ന്ന് സ്‌ക്കൂള്‍ പ്രിന്‍സിപ്പലിനെ കമ്മീഷന്‍ അദാലത്തില്‍ വിളിച്ചുവരുത്തി. സ്‌ക്കൂളില്‍ നേരിട്ട് അന്വേഷണം നടത്തുമെന്നും വനിതാ കമ്മീഷന്‍ അംഗം ഇ.എം. രാധ അറിയിച്ചു.
കുട്ടികളെ നിരീക്ഷിക്കാനെന്ന പേരില്‍ ക്ലാസ്‌റൂമുകളില്‍ സിസിടിവികള്‍ സ്ഥാപിച്ച് അധ്യാപികമാരുടെ പെരുമാറ്റം നിരീക്ഷിച്ച് അവര്‍ ക്ലാസ് എടുക്കുന്നതിനിടെ ഇരുന്നാല്‍ മെമ്മോ നല്‍കുകയാണ് പ്രിന്‍സിപ്പലിന്റെ രീതിയെന്ന് പരാതി നല്‍കിയ അധ്യാപികമാര്‍ പറയുന്നു. ചോദ്യംചെയ്യുന്ന അധ്യാപികമാര്‍ക്കെതിരെ പരാതി എഴുതിയുണ്ടാക്കി കൊച്ചുകുട്ടികളെ കൊണ്ട് ഒപ്പിടീച്ചശേഷം നടപടി എടുക്കുന്നതും പതിവാണെന്ന് പരാതിക്കാരായ അധ്യാപികമാര്‍ പറഞ്ഞു.
ഇക്കാരണത്താല്‍ കുട്ടികളെ നല്ല ശീലങ്ങള്‍ പഠിപ്പിക്കാനോ വഴക്കു പറയാനോ കഴിയാത്ത സാഹചര്യമാണ് സ്‌ക്കൂളിലെന്നും പരാതിയില്‍ പറയുന്നു. മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ച അധ്യാപികയ്‌ക്ക് പോലും മെമ്മോ നല്‍കി. കമ്മീഷന്‍ ഇത്തരം കാര്യങ്ങള്‍ ഗൗരവമായാണ് കാണുന്നതെന്ന് കമ്മീഷന്‍ അംഗം ഇ.എം. രാധ വ്യക്തമാക്കി.
യുകെയില്‍ ജോലി ചെയ്യുന്നതിനിടെ ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്ന് യുകെ കോടതിയില്‍ നിന്നും നഷ്ടപരിഹാരവും മറ്റു ആശ്വാസസഹായങ്ങളും ലഭിച്ചശേഷം നാട്ടിലെത്തി ഭര്‍ത്താവിനും അമ്മയും അഞ്ചു സഹോദരിമാരുമടങ്ങുന്ന ഭര്‍ത്തൃകുടുംബത്തിനുമെതിരെ പരാതി നല്‍കി അദാലത്തില്‍ ഹാജരാകാതിരുന്ന യുവതിയെ അടുത്ത കമ്മീഷന്‍ അദാലത്തില്‍ വിളിച്ചുവരുത്താന്‍ തീരുമാനിച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാകേണ്ട നിയമസഹായം ഇത്തരത്തില്‍ വ്യക്തിവിരോധം തീര്‍ക്കാന്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് കമ്മീഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ പറഞ്ഞു.
മക്കള്‍ സംരക്ഷിക്കാത്തതിനെതിരെ കമ്മീഷനെ സമീപിക്കുന്ന അമ്മമാരുടെ എണ്ണം കൂടുന്നതായി വനിതാ കമ്മീഷന്‍ അംഗം അഡ്വ എം.എസ്. താര പറഞ്ഞു. സ്വത്ത് വീതിച്ച് പ്രമാണം എഴുതുമ്പോള്‍ അമ്മയ്‌ക്കും അച്ഛനും താമസിക്കാന്‍ കിടപ്പാടം ഇല്ലാതാവുന്ന സാഹചര്യങ്ങള്‍ക്ക് മാറ്റമുണ്ടാകണമെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. അദാലത്തില്‍ 250 കേസുകള്‍ പരിഗണിച്ചു. 82 കേസുകള്‍ തീര്‍പ്പാക്കി. പത്തെണ്ണം റിപ്പോര്‍ട്ടിനായി അയക്കും. ഒരെണ്ണത്തില്‍ കൗണ്‍സലിംഗ് നടത്താനും തീരുമാനിച്ചു.
















