പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തിലൂടെ കഴിഞ്ഞ ദിവസം ഒരു വിപ്‌ളവത്തിന് ആഹ്വാനം ചെയ്തിരിക്കുന്നു. ആ വിപ്‌ളവത്തിന്റെ ഭാഗമാകാന്‍ ഒരോ പൗരനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളേയും ക്ഷണിക്കുകയും ചെയ്തു. മഹാത്മജിയുടെ 150-ാം ജന്മദിന നാളില്‍ ഈ വിപ്‌ളവത്തിന് ഒരുക്കം തുടങ്ങാനായിരുന്നു ആഹ്വാനം.
ഭൂമിയിലെ മുഴുവന്‍ ജീവജാലങ്ങള്‍ക്കും പരിതസ്ഥിതിക്കും ഭുമിക്ക് തന്നെയും ഭീഷണിയായ പ്‌ളാസ്റ്റിക് എന്ന മഹാവിപത്തിനെതിരെയുള്ള വിപ്ലവത്തിനാണ് മോദിജി ആഹ്വാനം പെയ്യുന്നത്. ദഹന വ്യവസ്ഥ മുഴുവനും പ്‌ളാസ്റ്റിക്ക് മാലിന്യം നിറഞ്ഞ് കരക്കടിഞ്ഞ തിമിംഗലങ്ങളും, പ്‌ളാസ്റ്റിക് നിറഞ്ഞ വയറുമായി ചത്തു വിഴുന്ന പക്ഷികളും വന്യമൃഗങ്ങളടക്കമുള്ള ജന്തുക്കളും വേദനിക്കുന്ന ചിത്രങ്ങളായി നമ്മെ തുറിച്ചു നോക്കുകയാണ്. കരയിലെ, കടലിലെ, ആകാശത്തിലെ ജിവികള്‍ക്ക് ഭിഷണിയാവുകയാണ്, ആവാസവ്യവസ്ഥയെ കാര്‍ന്നുതിന്നുന്ന പ്‌ളാസ്റ്റിക്.
ആധുനിക ജീവിതവ്യവസ്ഥയില്‍ മനുഷ്യന് അത്യാവശ്യമായിത്തീര്‍ന്നവയാണ് പ്‌ളാസ്റ്റിക്കും പ്‌ളാസ്റ്റിക്ക് ഉത്പ്പന്നങ്ങളും എന്ന കാര്യം വിസ്മരിക്കുന്നില്ല. പ്‌ളാസ്റ്റിക്കിന്റെ കണ്ടുപിടിത്തം മനുഷ്യന് അനേകം സൗകര്യങ്ങളും ലാഭവും, ഗുണവും നല്‍കിയിട്ടുമുണ്ട്. പക്ഷേ, അത് നമ്മുടെ ആവാസവ്യവസ്ഥയുടെ ശത്രു ആകാതെ എങ്ങനെ നോക്കാം എന്നാണ് ചിന്തിക്കേണ്ടത്.
പ്‌ളാസ്റ്റിക് വസ്തുക്കള്‍ ജീര്‍ണിക്കാതെ മണ്ണിനടയില്‍ ആയിരം കൊല്ലത്തോളം കിടക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. അതില്‍ നിന്നുള്ള രാസസ്തുക്കള്‍ മണ്ണിന്റെ ആരോഗ്യം നശിപ്പിക്കുന്നു. ഇത് സസ്യങ്ങളുടെ വേരോട്ടത്തെയും വളര്‍ച്ചയേയും ബാധിക്കും. മണ്ണിന്റെ ജലസംഭരണശേഷിയെ ബാധിക്കും. വേനല്‍കാലത്ത് വരള്‍ച്ച രൂക്ഷമാവുന്നത് ഭൂഗര്‍ഭജല ദൗര്‍ലഭ്യം കൊണ്ടാണ്. മഴക്കാലത്ത് വെള്ളം വലിച്ചെടുക്കാനുള്ള മണ്ണിന്റെ കഴിവു കുറയുന്നത് വെള്ളപ്പൊക്കത്തിന് കാരണമാകും. ആധുനിക ജീവിതത്തിന്റെ മുഖമുദ്രയാണ് ഉപയോഗിച്ച് വലിച്ചെറിയുക എന്ന ‘യൂസ് ആന്‍ഡ് ത്രോ’ സംസ്‌കാരം. പണ്ടൊക്കെ സാധനങ്ങള്‍ വാങ്ങാന്‍ ചന്തയില്‍ പോവുമ്പോള്‍ തുണിസഞ്ചി കൊണ്ടു പോവുന്ന ശീലമുണ്ടായിരുന്നു. പ്‌ളാസ്റ്റിക് ബാഗിന്റെ വരവ് ആ ശീലത്തെ തകര്‍ത്തു. ഒറ്റ പ്രാവശ്യത്തെ ഉപയോഗശേഷം ഇത്തരം സഞ്ചികള്‍ പറമ്പിലേക്കോ പുഴയിലേക്കോ വലിച്ചെറിയുന്നു.
പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ കത്തിച്ച് കളയുന്ന പ്രവണത വ്യാപകമാണ്. കത്തുന്ന പ്‌ളാസ്റ്റിക്കില്‍ നിന്ന് വമിക്കുന്ന സള്‍ഫര്‍ ഡൈയോക്‌സൈഡ്, എച്ച്‌സിഎല്‍ മുതലായ രാസവസ്തുക്കള്‍ നമ്മുടെ നാഡീവ്യവസ്ഥയെയും ദഹന വ്യവസ്ഥയേയും ബാധിക്കും. ഇവ കാന്‍സറിന് തന്നെ കാരണമാകുന്നു. പ്‌ളാസ്റ്റിക്ക് കത്തിച്ചുണ്ടാവുന്ന വാതകങ്ങള്‍ അന്തരീക്ഷത്തിലെ ചൂട് വര്‍ദ്ധിക്കാനും അതുവഴി ആഗോള താപ വര്‍ദ്ധനവിന് ആക്കം കൂട്ടാനും വഴിവെയ്‌ക്കുന്നു.
പ്‌ളാസ്റ്റിക് മാലിന്യങ്ങള്‍ നമ്മുടെ അന്തരീക്ഷത്തെ, ജല സ്രോതസ്സുകളെ, മണ്ണിനെ അനുദിനം നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് തടയിടാന്‍ നാം ഒരോരുത്തരും ബാധ്യസ്ഥരാണ്. പ്‌ളാസ്റ്റിക്കിനെതിരെയുള്ള യുദ്ധം തുടങ്ങേണ്ടത് നമ്മുടെ മനസിലാണ്, നമ്മുടെ വീട്ടിലാണ്, നമ്മുടെ വിദ്യാലയങ്ങളിലാണ്. പ്‌ളാസ്റ്റിക് സഞ്ചികള്‍ വീട്ടിലേക്ക് കൊണ്ടുവരാതിരിക്കാന്‍ ഓരോരുത്തരും പ്രതിജ്ഞ എടുക്കണം. തുണി സഞ്ചികള്‍ ഉപയോഗിക്കാന്‍ ശീലിക്കണം. വീടുകളില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ സ്റ്റീല്‍പാത്രങ്ങളും, ഗ്ലാസ് പാത്രങ്ങളും ഉപയോഗിക്കാം. വീടുകളില്‍ ഉപയോഗിക്കുന്ന പ്‌ളാസ്റ്റിക് വസ്തുക്കള്‍ സംസ്‌കരണം നടത്തി ഉപയോഗിക്കുന്ന ശീലം വളര്‍ത്തിയെടുക്കണം.
ഭക്ഷണ ശാലകളില്‍ നിന്ന് ഭക്ഷണം വാങ്ങുമ്പോള്‍ അവ പ്‌ളാസ്റ്റിക് കവറുകളില്‍ തരുന്ന രീതിയാണിപ്പോഴുള്ളത്. ഈ രീതിക്ക് മാറ്റം വരണം. ഇതിനായി പ്രകൃതിയെ ദോഷകരമായി ബാധിക്കാത്ത, ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകാത്ത വസ്തുക്കള്‍ ഉപയോഗിക്കാന്‍ ഭക്ഷണ ശാലകള്‍ തയ്യാറാവണം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ പ്‌ളാസ്റ്റിക്കിനെതിരെ വലിയ ജനമുന്നേറ്റം നടന്നിരുന്നു. പൊതുജനം വളരെ ആവേശപൂര്‍വം നെഞ്ചിലേറ്റിയ മുന്നേറ്റമായിരുന്നു അത്. ജനം തുണി സഞ്ചിയുമായി കമ്പോളങ്ങളിലേക്ക് നീങ്ങി. നല്ല ബോധവത്ക്കരണം നടന്നിരുന്നു ഈ ജനകീയ മുന്നേറ്റത്തിന് മുന്നോടിയായി.
വ്യാപാരികളും ബോധവാന്മാരായിരുന്നു. അവര്‍, പ്‌ളാസ്റ്റിക് സഞ്ചികള്‍ ഉപയോഗിച്ചില്ല. സാധനം വാങ്ങാന്‍ വരുന്നവര്‍ സഞ്ചികൊണ്ടുവരണം എന്ന നിര്‍ബന്ധവും ഉണ്ടായി. പ്‌ളാസ്റ്റിക് സഞ്ചികള്‍ വില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് എതിരെ തദ്ദേശ സ്ഥാപനങ്ങള്‍ കര്‍ശന നടപടിയും എടുത്തിരുന്നു. ആവേശം തണുക്കാന്‍ അധികനാള്‍ വേണ്ടി വന്നില്ല. സാവധാനത്തില്‍ പ്‌ളാസ്റ്റിക് സഞ്ചികള്‍ തലപൊക്കുകയും, ഉദ്യോഗസ്ഥര്‍ തലതാഴ്‌ത്തുകയുമാണ് ഉണ്ടായത്. മടിയനായ മലയാളി തുണിസഞ്ചി വീട്ടില്‍ ചുരുട്ടി ഇട്ടു. ഭൂമി പ്‌ളാസ്റ്റിക് മാലിന്യത്താല്‍ മൂടാനും തുടങ്ങി. പ്‌ളാസ്റ്റിക്കിനെതിരെയുള്ള യുദ്ധങ്ങള്‍ പരാജയപ്പെട്ടിട്ടുണ്ടെന്ന സത്യം നാം മറക്കരുത്. കാരണം അത് പ്രാവര്‍ത്തികമാക്കാന്‍ ശക്തമായ ബോധവത്ക്കരണം വേണം. ഭരണകൂടങ്ങള്‍ ഈ നിരോധനം വിജയമാക്കാന്‍ ഒരു സ്ഥിരം സംവിധാനം ഒരുക്കേണ്ടിയിരിക്കുന്നു. പ്‌ളാസ്റ്റിക്കിനെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സാധിക്കില്ല. പക്ഷേ, അതിന്റെ ഉപയോഗം നിയന്ത്രിക്കാം, ഉപയോഗിച്ചതിനെ വീണ്ടും ഉപയോഗിക്കുന്ന തരത്തില്‍ ഒരു സംസ്‌കരണ യൂണിറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുടങ്ങാനും സാധിക്കണം. നമുക്ക് ഒരു പരിസ്ഥിതി സൗഹൃദ പ്‌ളാസ്റ്റിക് യുഗത്തിലേക്ക് കടന്നേ തിരൂ. കാരണം ഈ ഭൂമി ഇതുപോലെ അടുത്ത തലമുറക്ക് കൊടുക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ് ഉത്തരവാദിത്വമാണ്. പ്രധാനമന്തിയുടെ ആഹ്വാനം ഈ ഭൂമിക്ക് വേണ്ടിയാണ്, അതിന്റെ നിലനില്‍പ്പിന് വേണ്ടിയാണ്. ഭൂമിക്ക് വേണ്ടിയുള്ള ഈ വിപ്‌ളവത്തില്‍ നാമെല്ലാവരും അണി ചേരേണ്ടതുണ്ട്. അല്ലെങ്കില്‍ കാലം നമുക്ക് മാപ്പു തരില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: