കൊച്ചി: പ്രളയത്തിന്റെ മറപിടിച്ച് വിദ്യാര്‍ഥികളുടെ ഓണാഘോഷത്തിലും കൈയിട്ടുവാരാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. അനാവശ്യ ചെലവുകളും കോടികളുടെ ധൂര്‍ത്തും സര്‍ക്കാര്‍ യഥേഷ്ടം നടത്തുമ്പോഴാണ് കുട്ടികളുടെ ഓണാഘോഷത്തുക പിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ ഇറക്കിയത്. വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെ കത്ത് പ്രകാരമാണ് സര്‍ക്കുലര്‍. ഡിജിറ്റല്‍ പൂക്കളത്തെകുറിച്ച് ആലോചിക്കാനും ഇതില്‍ നിര്‍ദേശമുണ്ട്.
സെപ്തംബര്‍ രണ്ടിന് ഓണാഘോഷം നടത്തണമെന്നറിയിച്ചിട്ടുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിലാണ് പ്രളയത്തെ തുടര്‍ന്ന് ഓണാഘോഷത്തിന്റെ ചെലവ്കുറയ്ക്കാനും ഡിജിറ്റല്‍ പൂക്കളത്തെ കുറിച്ച് ആലോചിക്കാനും നിര്‍ദേശം നല്‍കിയത്.
പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെ, പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കണം. പ്രകൃതിയില്‍ നിന്നുള്ള പൂക്കള്‍കൊണ്ട് അത്തപ്പൂക്കളം ഇടണം. ഡിജിറ്റല്‍ സംവിധാനം സ്കൂളുകളില്‍ ലഭ്യമായ സ്ഥിതിക്ക് ഡിജിറ്റല്‍ പൂക്കളം കൂടി ഒരുക്കുന്ന കാര്യവും പരിഗണിക്കണം. പ്രളയ നഷ്ടം പരിഹരിക്കാനാവശ്യമായ പുനരുജ്ജീവന സന്ദേശങ്ങള്‍ അവരില്‍ എത്തിച്ച് ഭാഗഭാക്കാക്കണം. ഇതിനായി ഓണാഘോഷ ദിനത്തില്‍ സ്കൂളുകളില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ശേഖരിക്കാന്‍ പ്രത്യേക ബോക്സുകള്‍ സ്ഥാപിക്കണം. ആറിന് ബോക്സ് പൊട്ടിച്ച് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കണം. കുട്ടികളുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ വച്ചിരിക്കുന്ന നാണയത്തുട്ടുകള്‍ സ്വപ്നങ്ങള്‍ മാറ്റിവച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്കാന് കുട്ടികളെ പ്രേരിപ്പിക്കണമെന്നും കുട്ടികളെകൊണ്ട് പ്രതിജ്ഞ എടുപ്പിക്കണമെന്നുമാണ് സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ഓണാഘോഷത്തില്‍ മാത്രമല്ല ഒരുതലത്തിലും ചെലവ് കുറയ്ക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരാണ് കുട്ടികളുടെ ഓണാഘോഷത്തില്‍ കൈയിട്ടുവാരാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. അനാവശ്യ നിയമനങ്ങളും സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിനും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസ് നവീകരണത്തിനും പ്രളയത്തിനിടയ്ക്കും കോടികളാണ് ചെലവഴിക്കുന്നത്. അതിലേക്കാണ് കുട്ടികളുടെ സ്വപ്നങ്ങള്‍ മാറ്റിവച്ച് ആതുകൂടി ദുരിതാശ്വാസ നിധിയിലേക്ക് ചേര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ഓണപ്പരീക്ഷ കഴിഞ്ഞ സപ്തംബര്‍ ആറിനാണ് ഓണം ആഘോഷിച്ച് സ്കൂളുകള്‍ അടയ്ക്കേണ്ടത്. എന്നാല്‍ സപ്തംബര്‍ രണ്ടിന് വിനായക ചതുര്‍ഥി പ്രമാണിച്ച് കാസര്‍കോട് ജില്ലയ്ക്ക് അവധി ആണ്. അതുകൊണ്ടാണ് രണ്ടിലെ പരീക്ഷ ആറിലേക്ക് മാറ്റിയതും പകരം ഓണാഘോഷം രണ്ടാം തീയതിയിലേക്ക് തീരുമാനിച്ചതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: