അരുന്ധത്യനസൂയ ച സാവിത്രീ ജാനകീ സതീ
ദ്രൗപദീ കണ്ണകീ ഗാര്‍ഗീ മീരാ ദുര്‍ഗാവതീ തഥാ
അത്രിമഹര്‍ഷിയുടെ ധര്‍മപത്‌നിയായ അനസൂയ ഘോരതപസ്സിനാല്‍ ശിവനെ പ്രസാദിപ്പിച്ച് ദത്താത്രേയനെ പുത്രനായി നേടി. വനവാസകാലത്ത് ശ്രീരാമചന്ദ്രനും സീതാദേവിയും അത്രിമഹര്‍ഷിയുടെ ആശ്രമത്തില്‍ വസിച്ചിരുന്നു. അവിടെ വെച്ച് അനസൂയാ ദേവി സീതയ്‌ക്ക് സന്തോഷപൂര്‍ണമായ ആതിഥ്യം നല്‍കുകയും സ്ത്രീധര്‍മവും പാതിവ്രത്യ ധര്‍മവും ഉപദേശിക്കുകയും ചെയ്തു. ഒരിക്കല്‍ മാണ്ഡവ്യ മഹര്‍ഷി ഒരു ഋഷി പത്‌നിക്ക്, സൂര്യോദയമാകുമ്പോഴേക്കും വൈധവ്യം സംഭവിക്കും എന്ന ശാപം നല്‍കിയപ്പോള്‍ ആ മുനി പത്‌നി അനസൂയയെ ശരണം പ്രാപിക്കുകയും അനസൂയ തന്റെ തപശ്ശക്തിയാല്‍ സൂര്യോദയം തന്നെ തടയുകയും ചെയ്തു. അവസാനം സകല ദേവതകളും മുനിമാരും സൂര്യോദയത്തിനായി അനസൂയയെ ശരണം പ്രാപിക്കുകയും സൂര്യോദയം നടക്കാത്തതിനാലുള്ള ദു:ഖത്തെക്കുറിച്ച് പറഞ്ഞ് പിന്‍വലിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. അപ്പോള്‍ ആ പതിവ്രത ആദ്യം ആ ശാപഗ്രസ്തയായ സ്ത്രീയുടെ ഭര്‍ത്താവിനെ പുനരുജ്ജീവിപ്പിക്കാമെന്ന് ദേവന്മാരെക്കൊണ്ട് സത്യം ചെയ്യിച്ചു. സ്ത്രീയെ ശാപവിമുക്തയാക്കിയ ശേഷം മാത്രമാണ് സൂര്യനുദിക്കുവാന്‍ അനുവദിച്ചത്.
(ഹോ. വെ. ശേഷാദ്രിയുടെ ‘ഏകാത്മതാസ്‌തോത്രം’ വ്യാഖ്യാനത്തില്‍ നിന്ന്)
















