പാരീസ്:കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടിന് ഫ്രാന്‍സിന്റെ പിന്തുണ. ജമ്മു കശ്മീരിലെ പ്രശ്‌നങ്ങള്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെത്തന്നെ പരിഹരിക്കണമെന്ന് നിര്‍ദേശിച്ചു. മൂന്നാമതൊരാള്‍ പ്രശ്‌നത്തില്‍ ഇടപെടരുതെന്നും ഫ്രാന്‍സ് നിലപാടെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇന്ത്യ – ഫ്രാന്‍സ് സംയുക്ത പ്രസ്താവനയിലായിരുന്നു മക്രോണ്‍ നിലപാട് വ്യക്തമാക്കിയത്.
അതേസമയം, പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും സംസാരിക്കുമെന്ന് വ്യക്തമാക്കിയ മക്രോണ്‍, പ്രശ്‌നം ഇരുകക്ഷികളും തമ്മില്‍ പരിഹരിക്കണമെന്ന നിലപാട് പാകിസ്ഥാനെ അറിയിക്കുമെന്നും പറഞ്ഞു. ഇന്ത്യന്‍ പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കശ്മീരിനെക്കുറിച്ച് ഒരു പരാമര്‍ശവും നടത്തിയില്ല.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നടത്തിയ ചര്‍ച്ചയില്‍, ഫ്രാന്‍സ് ഇന്ത്യന്‍ നിലപാടിനെ പിന്തുണച്ചിരുന്നു. മാത്രമല്ല, തീവ്രവാദത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഒരു അന്താരാഷ്‌ട്ര കോണ്‍ഫറന്‍സ് വിളിച്ചു ചേര്‍ക്കണമെന്ന മോദിയുടെ ആവശ്യത്തെ മക്രോണ്‍ പ്രസ്താവനയിലൂടെ പിന്തുണയ്‌ക്കുകയും ചെയ്തിരുന്നു. പ്രതിരോധ, ടെക്‌നോളജി രംഗങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്. ഈ വര്‍ഷം തന്നെ റഫാല്‍ പോര്‍വിമാനങ്ങളുടെ ആദ്യ സെറ്റ് ഇന്ത്യയിലെത്തിക്കുമെന്ന് സംയുക്തപ്രസ്താവനയില്‍ മക്രോണ്‍ പ്രഖ്യാപിച്ചു.
















