ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശനത്തിനായി നാളെ തിരിക്കും. ഓഗസ്റ്റ് 23ന് ദുബായില്‍ എത്തുന്ന നരേന്ദ്ര മോദി പിറ്റേദിവസം അബുദാബിയിലേക്ക് പോകും. അവിടെ അബുദാബി കിരീടാവകാശി ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും. ഓര്‍ഡര്‍ ഓഫ് സായ്ദ് പുരസ്‌ക്കാരം ഷെയ്ഖ് മൊഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാന്‍ നരേന്ദ്ര മോദിക്ക് സമ്മാനിക്കും. മഹാത്മഗാന്ധിയുടെ 150ാം ജന്മദിനം പ്രമാണിച്ച് പ്രത്യേക സ്റ്റാമ്പ് നരേന്ദ്ര മോദി പുറത്തിറക്കും.
ഇതിനുപുറമെ റൂപേ ഡെബിറ്റ് കം ക്രെഡിറ്റ് കാര്‍ഡും നരേന്ദ്ര മോദി പുറത്തിറക്കും. പിന്നീട് അബുദാബിയില്‍നിന്ന് പ്രധാനമന്ത്രി ബഹ്‌റിനിലേക്ക് പോകും. യു.എ.ഇ സന്ദര്‍ശനത്തിനിടെ മോദിക്ക് പൊതുപരിപാടികളില്ല. മോദിക്ക് വന്‍ സ്വീകരണം ഒരുക്കാന്‍ യു.എ.ഇ സര്‍ക്കാര്‍ നടപടി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചതാണ് ഇക്കാര്യം. കാശ്മീര്‍ പ്രശ്‌നത്തില്‍ പാക്കിസ്ഥാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍, ഇന്ത്യയ്‌ക്ക് അനുകൂലമായ നിലപാടാണ് യു.എ.ഇ അടക്കമുള്ള രാജ്യങ്ങള്‍ സ്വീകരിച്ചത്. അതിനാല്‍ തന്നെ നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് ഏറെ രാഷ്‌ട്രീയ മാനങ്ങളുണ്ട്.
















