കേരളത്തില്‍ പ്രളയമാണ്. ഓരോ ആണ്ടിലും അത് പതിവാകുന്നതുപോലെയാണ് കാലാവസ്ഥ. ഇപ്പോള്‍ അത് ആണ്ടുനേര്‍ച്ചയാകുന്നു. എന്തുകൊണ്ടിത് എന്ന് അന്വേഷിക്കാന്‍ ആര്‍ക്കും നേരമില്ല. മൂന്നുനേരം മൃഷ്ടാന്നം തന്ന നാടിനെ വെട്ടിയും കീറിയും സുഖിച്ചുവാണവന് സര്‍ക്കാര്‍ കുട പിടിച്ചപ്പോള്‍ ഇത് ആരും ഓര്‍ത്തിരുന്നില്ല. കവളപ്പാറയിലും പുത്തുമലയിലും സര്വസാധാരണക്കാരന് കിടപ്പാടമടക്കം മണ്ണില്‍ പൂണ്ടുകിടന്ന ആ പകലും രാത്രിയിലുമെല്ലാം നമ്മുടെ മുഖ്യമന്ത്രി തിരക്കിലായിരുന്നു. മൂന്നാം നാള് ആരോ തട്ടിവിളിച്ചുണര്ത്തിയതുപോലെ അദ്ദേഹം സെക്രട്ടറിയേറ്റിലെ ശീതീകരിച്ച മുറിയില്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചുചേര്‍ത്ത് തന്റെ ഉത്കണ്ഠ അറിയിച്ചു. മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ടുപോയ നാടിനെക്കുറിച്ചായിരുന്നില്ല മുഖ്യന് ഉത്കണ്ഠ,
ദുരിതാശ്വാസമെന്ന പേരില്‍ പണം വരവ് പഴയതുപോലില്ലത്രെ. ആരൊക്കെയോ നുണപ്രചരണം നടത്തുന്നു. ദുരിതാശ്വാസനിധി തകര്‍ക്കാന്‍ ശ്രമിക്കുന്നു. അടയാളങ്ങളുമായി ചിലര്‍ ദുരിതാശ്വാസപ്രവര്ത്തനത്തിനിറങ്ങുന്നു. അത് അനുവദിക്കാനാകില്ല… തുടങ്ങി മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്കണ്ഠകള്‍ ഒഴുകിപ്പരക്കുകയായിരുന്നു. കേരളത്തിലെ വിവരങ്ങള്‍ ആരായാന്‍ വിളിച്ച കേന്ദ്രആഭ്യന്തര സഹമന്ത്രിയോട് ഭാഷ അറിയാത്തതുകൊണ്ട് സംസാരിക്കാന്‍ ആയില്ലെന്ന് കൈമലര്‍ത്തിയ വിജയന് പ്രളയം വിഴുങ്ങിയ നാടുകള്‍ കാണാനെന്ന മട്ടില്‍ ക്ലിഫ് ഹൗസ് വിട്ടിറങ്ങിയത് അഞ്ചാം നാളാണ്. മേപ്പാടിയില്‍ ദുരിതാശ്വാസകേന്ദ്രത്തില്‍ ചുവപ്പ് വിരിച്ച് സ്റ്റേജ് കെട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസപ്രസംഗം. കവളപ്പാറയിലേക്ക് തിരിഞ്ഞൊന്ന് നോക്കാതെ വിജയന് മടങ്ങി. വിജയന് അറിയുമോ മുഖ്യമന്ത്രി എന്ന് പറയുന്നത് ഒരു അടയാളമാണെന്ന്. അതിന്റെ വില അറിയാതെ വിജയന് ദുരിതാശ്വാസപ്രവര്ത്തനത്തിനിടയില് അടയാളം തപ്പി നടക്കുകയാണ്.
സേവാഭാരതിയോടും കാക്കിനിക്കറിനോടുമാണ് മുഖ്യന്റെ കലിപ്പെന്ന് വ്യക്തം. അതിന്നും ഇന്നലെയും തുടങ്ങിയതല്ല. പിണറായി വിജയന് മാര്ക്സിസ്റ്റുകാരനില് നിന്ന് മുഖ്യമന്ത്രിയിലേക്ക് ഉയരാത്ത കാലത്തോളം അത് തുടരുകയും ചെയ്യും. സേവാഭാരതിയും മുഖ്യമന്ത്രി വിജയനും തമ്മിലുള്ളത് മാനസികനിലവാരത്തിലുള്ള വ്യത്യാസമാണ്. അത് വിജയനോ അദ്ദേഹത്തിന്റെ ഒപ്പമുള്ള ബക്കറ്റ് പിരിവുകാര്‍ക്കോ മനസ്സിലാകണമെന്നില്ല.
സേവനവും ത്യാഗവുമാണ് ഭാരതത്തിന്റെ കൊടിപ്പടമെന്ന് പ്രഖ്യാപിച്ച സ്വാമിവിവേകാനന്ദന്റെ കാവിയില്‍ രാഷ്ട്രീയം തെരഞ്ഞവരാണ് അവര്‍. സേവാഭാരതിയാകട്ടെ ആ കൊടിപ്പടത്തെ ജീവിതമാക്കി മാറ്റിയവരും. സേവനം സേവാഭാരതിക്ക് സഹജമാണ്. അത് പിആര്‍ഡി റിലീസ് വഴി ആഹ്വാനം ചെയ്തുണ്ടാക്കിയെടുക്കുന്നതല്ലെന്ന് സാരം.
2018ല്‍ മരണമൊഴുകിപ്പരന്ന ആ രാത്രിയുണ്ടല്ലോ. അത് കേരളം അത്രവേഗം മറക്കില്ല… ഡാമുകള്‍ തുറന്നുവിട്ട ആ രാത്രിയില്‍ മന്ത്രി എം.എം. മണി ഇടുക്കിയില്‍നിന്ന് കടന്നത് തിരുവനന്തപുരത്തേക്കായിരുന്നല്ലോ… ഒരു നാടാകെ പെരുവെള്ളത്തിലൊലിച്ചുപോകുമ്പോള്, നൂറുകണക്കിന് ജീവിതങ്ങള്‍ നിലയില്ലാത്ത വെള്ളത്തില്‍ കുത്തിയൊലിച്ചുപോകുമ്പോള്‍ മന്ത്രിമാര്‍ വട്ടം ചേര്‍ന്നിരുന്ന് ഒരു പുതിയ മന്ത്രിയെ തെരഞ്ഞെടുക്കുകയായിരുന്നു. ബന്ധുനിയമനത്തിന്റെ പേരില്‍ രാജിവെക്കേണ്ടിവന്ന ഒരു അഴിമതിക്കാരനെ മന്ത്രിയായി വാഴിക്കാന്‍ രഹസ്യയോഗം… നാട് മുങ്ങിമരിക്കുമ്പോള്‍ സത്യപ്രതിജ്ഞ…
അന്നും, പിന്നീടും ഇതേഅടയാളം തെരഞ്ഞ്, രാഷ്ട്രീയം പറഞ്ഞ് നിങ്ങള്‍ വന്നിട്ടുണ്ട്. സേവാഭാരതി പ്രവര്‍ത്തകര്‍ തങ്ങളുടെ ജീവിതമാണ് അടയാളമെന്ന് നിങ്ങള്‍ക്ക് കാട്ടിത്തന്നിട്ടുമുണ്ട്. 85,000 സന്നദ്ധപ്രവര്‍ത്തകര്‍, അതില്‍ ഇരുപതിനായിരത്തോളം സ്ത്രീകള്‍, മുക്കാല്‍ ലക്ഷത്തിലധികം പേരുടെ ജീവന് രക്ഷിച്ച സമാനതകളില്ലാത്ത സേവാ മുന്നേറ്റമായിരുന്നു അത്. 420 ദുരിതാശ്വാസ കേന്ദ്രങ്ങള്‍, മൂന്ന് സംഭരണ ശാലകള്‍, മുന്നൂറ് വിതരണകേന്ദ്രങ്ങള്‍, 350 ബോട്ടുകള്‍, പ്രളയം വിഴുങ്ങിയ പ്രദേശങ്ങളെ പൂര്‍വസ്ഥിതിയിലാക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിയത് രണ്ട് ലക്ഷത്തിലധികം പ്രവര്‍ത്തകര്‍. വൃത്തിയാക്കിയത് 27,600 വീടുകള്‍, അമ്പലവും പള്ളിയും മോസ്കുമൊക്കെയായി 210 ആരാധനാലയങ്ങള്‍, നാനൂറിലധികം പൊതുസ്ഥാപനങ്ങള്‍, 15,895 കിണറുകള്‍, നിറയെ അടയാളങ്ങള്‍ കുത്തി നിര്‍ത്തിയ പാര്‍ട്ടി ഓഫീസുകള്‍. ജാതിയില്ല, മതമില്ല, പാര്‍ട്ടിയില്ല… അടയാളങ്ങള്‍ തെരഞ്ഞ് സമയം കളയാന്‍ അവര്‍ കാത്തുനിന്നില്ല.
എങ്ങനെ ഇതെന്ന് അതിശയിച്ചവരുണ്ട്. അട്ടപ്പാടിയിലെ ഒറ്റപ്പെട്ട വനവാസി ഊരുകളിലേക്ക് ഭവാനിപ്പുഴ താണ്ടി ആഹാര സാധനങ്ങളുമായി പോകുന്ന ആ സാധാരണപ്രവര്ത്തകന് പറഞ്ഞ മറുപടി ഉണ്ടല്ലോ, ”അവര്‍ പട്ടിണിയിലാണ്, ഒറ്റയ്ക്കാണ്, ഇത് അവര്‍ക്ക് നല്കാനുള്ളതാണ്, എങ്ങനെയെന്നില്ല, എങ്ങനെയും ഇത് അവര്ക്കെത്തിക്കും” എന്ന ആ മറുപടി… അതിലുണ്ട് മുഖ്യമന്ത്രീ, സേവാഭാരതിയുടെ ഇച്ഛാശക്തി!. അത് ഒരു പ്രളയത്തില്‍ പൊട്ടിമുളച്ചതൊന്നുമല്ല. രാജ്യത്തിന്റെ യുദ്ധമുഖങ്ങളില്‍ അതുണ്ടായിട്ടുണ്ട്. എവിടെയൊക്കെ ദുരന്തം പത്തിവിടര്ത്തിയാടിയിട്ടുണ്ടോ അവിടെയൊക്കെ ആദ്യം ഓടിയെത്തിയത് അവരാണ്. മോര്‍വിയില്‍, ഭുജില്‍, ലാത്തൂരില്‍, ഉത്തരാഖണ്ഡില്‍, ചെന്നൈയില്‍, പെരുമണില്‍, കടലുണ്ടിയില്‍, സുനാമിത്തിര നാടിനെ വിഴുങ്ങിയ ആ ക്രിസ്തുമസ്കാലത്ത്, പുറ്റിങ്ങലില്‍… എവിടെയാണ് നിങ്ങളവരെ കാണാതിരുന്നത്.
മുഖ്യമന്ത്രി വിജയന് കണക്കുപുസ്തകം പരതുന്നുവെന്ന് കേള്‍ക്കുന്നു. കിട്ടിയതും കിട്ടാനുള്ളതും കൂട്ടിക്കിഴിച്ചിട്ട് വേണമല്ലോ കേന്ദ്രത്തെയും സൈന്യത്തെയും അധിക്ഷേപിക്കാന്‍. അത് നടക്കട്ടെ സാര്‍. 2,324 കോടി ബാങ്കിലിട്ടിട്ട് കൈ നീട്ടുന്നു. മതം നോക്കി, ജാതി നോക്കി, പാര്‍ട്ടി നോക്കി, അടയാളം നോക്കി അനുശോചിക്കുന്ന പതിവ് നെറികേടിന് ചെറുവണ്ണൂര്‍ പൊന്നത്ത് സുബ്രഹ്മണ്യന്റെ മകന് ലിനു മാത്രമല്ലല്ലോ ഇരയായിട്ടുള്ളത്.
തിരുവല്ല തുകലശ്ശേരി മടപ്പത്രയില് വിശാലെന്ന ഇരുപത്തിനാലുകാരന് മുഖ്യന്റെ കണക്കുപുസ്തകത്തില്‍ ഇടമുണ്ടായിട്ടില്ലല്ലോ. പുതുവൈപ്പിന് മറ്റപ്പള്ളില്‍ മിഥുന്കുമാറെന്ന ഇരുപത്തിമൂന്നുകാരനെ അവര്‍ അറിയുമായിരുന്നില്ലല്ലോ. പാലക്കാട് കല്‍പ്പാത്തി അയ്യപ്പുറത്തെ രഘുനാഥന്റെ പേര് അവരുടെ വാഴ്ത്തുപാട്ടുകളില്‍ നിറഞ്ഞിരുന്നില്ലല്ലോ. പോയ പ്രളയത്തില്‍ അവനവനെ മറന്ന് സമാജരക്ഷയ്ക്കിറങ്ങി ജീവന് ബലി കൊടുത്തവര്‍. അവരെക്കുറിച്ചാര് പാടാനാണ്? പറയാനാണ്?
പെരുമണില്‍ സേവനത്തിന് സര്‍ക്കാര്‍ പ്രതിഫലം പ്രഖ്യാപിച്ചപ്പോള്‍, ‘ഗുണഭോക്താക്കളുടെ’ പട്ടിക തയ്യാറാക്കിയപ്പോള്‍ ആര്‍എസ്എസുകാരനെ കണ്ടില്ല. സേവനം ജീവനധര്മ്മമാണെന്നതായിരുന്നു അവന്റെ മതം. ആരെങ്കിലും നല്കുന്ന പൊതിച്ചോറില്‍ പാര്ട്ടിച്ചിഹ്നം പതിപ്പിച്ച് ആശുപത്രികളില്‍ വിതരണം ചെയ്യുന്ന കൂട്ടര്‍ക്ക് ആ മനോഭാവം മനസ്സിലാവില്ല.
നരിപ്പറ്റക്കാരന്‍ അനൂപിനെ പിണറായി വിജയന് അറിയുമോ? അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും കേരളം കഴുത്തൊപ്പം വെള്ളത്തില്‍ നില്‍ക്കുമ്പോഴെങ്കിലും ആ പേര് അറിയണം. പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ കോഴിക്കോട് സത്യഗ്രഹമിരിക്കുമ്പോള് കല്ലെറിഞ്ഞ് കൊന്നതാണ് അവര്‍ അനൂപിനെ. അതിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് താമരശ്ശേരി ബിഷപ്പ് റമിജിനിയോസ് ഇഞ്ചനാനിയല്‍, ‘പശ്ചിമഘട്ടസംരക്ഷണം എന്ന് പറഞ്ഞ് ആരാനും വന്നാല്‍ കേരളത്തില്‍ ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കു’മെന്ന് ഭീഷണിപ്പെടുത്തിയത്. ആ ഭീഷണിയുടെ അലയൊലി മായും മുമ്പാണ് പിണറായി വിജയന് അരമനയിലെത്തി ഇഞ്ചനാനിയല്‍ പിതാവിനെ വണങ്ങിയത്. അപ്പോള്‍പ്പിന്നെ വിജയന് അടയാളങ്ങള്‍ കയ്ക്കാതിരിക്കില്ല. പാര്‍ട്ടിസെക്രട്ടറി നല്ല ചുവപ്പന്‍ ബക്കറ്റുമായി തെരുവിലിറങ്ങിയിട്ടുണ്ട്. ഇതെല്ലാം പാര്‍ട്ടിക്ക് ‘തണ്ണിമത്തന് ദിനങ്ങള്‍’ കൊണ്ടുവരുമെന്നാണല്ലോ പ്രതീക്ഷ. എജ്ജാതി തോല്‍വിയാണ് സാര്‍ ഇത്.
അവര്‍ അടയാളങ്ങള്‍ തെരയട്ടെ. ഇവിടെ കവളപ്പാറയില്‍, പുത്തുമലയില്‍ മഴയ്ക്ക് പിന്നാലെ മല പെയ്ത ദുരിതരാവുകളുടെ ഓര്‍മ്മകളില്‍ ഇനിയും ഏറെപ്പേരുണ്ട്. നമുക്ക് അവരെത്തേടാം. ഒപ്പം കൂടാം. നഷ്ടപ്പെട്ടുപോവാതെ പുതിയ ജീവിതം കരുപ്പിടിപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: