തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പേരുകേട്ട ജലമേളയായ നെഹ്റുട്രോഫി വള്ളം കളിയില്‍ പ്രമുഖരായ ചമ്പക്കുളം ചുണ്ടനെ ഇത്തവണ സ്പോണ്‍സര്‍ ചെയ്യുന്നത് യു എസ് ടി ഗ്ലോബല്‍. ഒന്‍പത് തവണ നെഹ്‌റു ട്രോഫികിരീടമണിഞ്ഞ ജലരാജാക്കന്മാരാണ് ചമ്പക്കുളം ചുണ്ടന്‍. പത്താം കിരീടം ലക്ഷ്യമിടുമ്പോള്‍ യു എസ് ടി ഗ്ലോബലിന്റെ ലോഗോ അണിഞ്ഞാണ് കരുത്തരായ ചമ്പക്കുളം ചുണ്ടന്‍ ടീം നീറ്റിലിറങ്ങുക. ഡിജിറ്റല്‍ സാങ്കേതികരംഗത്ത് ആഗോളതലത്തില്‍ അതികായരായ കമ്പനി ഏതാനും വര്‍ഷം മുന്‍പ് മത്സര രംഗത്തുനിന്ന് പിന്‍വാങ്ങിയ പഴയ ചമ്പക്കുളം ചുണ്ടനെ ഏറ്റെടുത്തിരുന്നു. പോയകാല പ്രൗഢിയുടെയും പാരമ്പര്യത്തിന്റെയും പ്രതീകമായി ടെക്‌നോപാര്‍ക്കിലെ കാമ്പസില്‍ ആറുവര്‍ഷമായി പഴയ ചമ്പക്കുളം ചുണ്ടനെ പ്രതിഷ്ഠിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ചമ്പക്കുളം ഗ്രാമത്തിന്റെ അഭിമാനമാണ് ചമ്പക്കുളം ചുണ്ടന്‍. കേള്‍വികേട്ട ജലോത്സവങ്ങളിലൂടെ ലോകമെമ്പാടുമുള്ള വള്ളംകളി പ്രേമികള്‍ക്ക് ആ പേര് സുപരിചിതമാണ്. പഴയ ചുണ്ടന്റെ പ്രൗഢിയും ഗരിമയുമെല്ലാം പുതിയ ചുണ്ടനുമുണ്ട്. തലയെടുപ്പിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല പുത്തന്‍ ചുണ്ടനും. 131 അടി നീളമുള്ള വള്ളത്തിന് ആറടിയോളം അമരപ്പൊക്കവും നല്ല തടിക്കോളുമുണ്ട്. നെടുനീളത്തില്‍ ഏറെ ആകര്‍ഷകമായ അണിയമാണ് ചുണ്ടന്റേത്. 110 തുഴച്ചിലുകാരുടെ വാഹകശേഷിയുമുണ്ട്. കരുത്തിലും വേഗത്തിലും മുന്‍പന്തിയിലുള്ള വള്ളത്തിന് ചരിത്രത്തിന്റെ പിന്‍ബലവുമുണ്ട്.
ആലപ്പുഴയിലെ പ്രശസ്തമായ പുന്നമടക്കായലാണ് ജലോത്സവ വേദി. വര്‍ഷംതോറും ഓഗസ്റ്റിലെ രണ്ടാം ശനിയാഴ്ചയാണ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
കേരളത്തിന്റെ അഭിമാനകരമായ ഭാഗ്യചിഹ്നമാണ് ചമ്പക്കുളം ചുണ്ടനെന്ന് യു എസ് ടി ഗ്ലോബല്‍ ചീഫ് വാല്യൂ ഓഫീസറും സെന്റര്‍ ഓപ്പറേഷന്‍സ് ഗ്ലോബല്‍ ഹെഡുമായ സുനില്‍ ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. ‘പ്രായോജകര്‍ എന്ന നിലയില്‍ ജലോത്സവത്തിന്റെ ഭാഗമാകുമ്പോള്‍ കേരളീയതയുടെ തനത് മൂല്യങ്ങളാണ് കമ്പനി ഉയര്‍ത്തിപ്പിടിക്കുന്നത്. സംഘശക്തിയുടെ വീറും വാശിയും ആവേശവുമെല്ലാം മാറ്റുരയ്‌ക്കുന്ന മേളയുടെയും കരുത്തരായ ചമ്പക്കുളം ടീമിന്റെയും ഭാഗമാകുന്നത് ഞങ്ങളെ ഏറെ ആവേശത്തിലാഴ്‌ത്തുന്നു. അതോടൊപ്പം, പോയ വര്‍ഷത്തെ പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാന്‍ പരിശ്രമിക്കുന്ന ഒരു ജനസമൂഹത്തോട് ചേര്‍ന്നുനിന്ന് അവരെ പിന്തുണയ്‌ക്കുക എന്ന കടമ കൂടിയാണ് നിറവേറ്റുന്നത്’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















