ന്യൂദല്‍ഹി : പാര്‍ലമെന്റ് മര്യാദ പാലിക്കാത്തതില്‍ കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരായ ഹൈബി ഈഡനും, ടി.എന്‍. പ്രതാപനും സ്പീക്കര്‍ ഓം ബിര്‍ളയുടെ ശാസന. ജമ്മു കശ്മീര്‍ ബില്‍ പരിഗണിക്കണമെന്ന പ്രമേയം സഭയില്‍ കീറിയെറിഞ്ഞതിനാണ് സ്പീക്കര്‍ ഇരുവരേയും ശാസിച്ചത്. ചൊവ്വാഴ്ച രാവിലെ രാവിലെ ചേംബറിലേക്ക് വിളിച്ചുവരുത്തിയായിരുന്നു നടപടി.
കഴിഞ്ഞ ദിവസമുണ്ടായ സഭാനടപടികളുടെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചശേഷം സ്പീക്കര്‍ ഹൈബി ഈഡനേയും, ടി.എന്‍. പ്രതാപനേയും വിളിച്ചുവരുത്തുകയായിരുന്നു. പ്രമേയം കീറിയെറിഞ്ഞത് ശരിയായ നടപടിയല്ലെന്നും ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും സഭയില്‍ മര്യാദ പാലിക്കണമെന്നും ഓംബിര്‍ള ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കശ്മീര്‍ വിഭജന ബില്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞദിവസം ലോക്സഭയില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. പിന്നാലെ പ്രതിപക്ഷ എംപിമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി ബഹളംവെച്ചു. ഇതിനിടെയാണ് ഹൈബി ഈഡനും ടി.എന്‍. പ്രതാപനും പ്രമേയം വലിച്ചുകീറിയെറിഞ്ഞത്.
















