പാലക്കാട്: എആര്‍ ക്യാമ്പിലെ പോലീസുകാരനായിരുന്ന കുമാറിനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയതാണോയന്നെ് സംശയമുണ്ടെന്ന് ഭാര്യ. കുമാറുമായി വ്യക്തി വിരോധം ഉള്ളവര്‍ കൊലനടത്തിയതാകാമെന്നും ബന്ധുക്കള്‍ ആരോപിച്ചു.
എആര്‍ ക്യാമ്പില്‍ വച്ച് കുമാറിനെ ജാതീയമായി അധിക്ഷേപിക്കുകയും മാനസ്സികമായും ശാരീരികമായും ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ നിലവില്‍ സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥര്‍ മാത്രമല്ല പ്രതികളെന്നും കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കുടുംബം അറിയിച്ചു.
ലക്കിടിക്കടുത്ത് റെയില്‍വെ ട്രാക്കില്‍ മരിച്ച് കിടക്കുന്ന നിലയിലാണ് കുമാറിന്റെ മൃതദേഹം കണ്ടെത്തുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇത് വരെ കിട്ടിയിട്ടില്ലെന്നും ഭാര്യ പറയുന്നു.
പാലക്കാട് കല്ലേക്കാട് എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ കുമാറിന്റെ മരണത്തില്‍ ഭാര്യ സജിനിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും എസ്‌സിഎസ്ടി കമ്മീഷന്‍ മൊഴിയെടുത്തു. ക്യാമ്പില്‍ ജാതിവിവേചനമാണെന്ന് ഭാര്യ സജിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്‌സിഎസ്ടി കമ്മീഷന്റെ അന്വേഷണം.
















