മംഗളൂരു: കാണാതായ കഫേ കോഫി ഡേ സ്ഥാപകനും കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്. എം. കൃഷ്ണയുടെ മരുമകനുമായ ജി.വി. സിദ്ധാര്‍ത്ഥയുടെ മൃതദേഹം കണ്ടെത്തി. മംഗളൂരു തീരത്ത് ഒഴിഗേ ബസാറില്‍ നിന്ന് രാവിലെ ആറുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബെന്‍ലോക്ക് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകീട്ട് മംഗളൂരു നേത്രാവതി പാലത്തില്‍ വെച്ചാണ് സിദ്ധാര്‍ത്ഥയെ കാണാതായത്. ബെംഗളൂരുവില്‍ നിന്നും കാറില്‍ മംഗലൂരുവിലേക്ക് പുറപ്പെട്ട സിദ്ധാര്‍ത്ഥ നേത്രാവതി പുഴയുടെ മുകളിലെത്തിയപ്പോള്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയും പുറത്തിറങ്ങി പുഴയിലേക്ക് ഇറങ്ങിപ്പോയെന്നും പിന്നീട് കണ്ടിട്ടില്ലെന്നുമാണ് ഡ്രൈവറുടെ മൊഴി.
ഒരാള്‍ പുഴയിലേക്ക് ചാടുന്നത് കണ്ടുവെന്നും എന്നാല്‍ അടുത്ത് എത്തിയപ്പോഴേക്ക് താഴ്ന്നു പോയിരുന്നുവെന്നും പ്രദേശത്തുണ്ടായിരുന്ന ഒരു മീന്‍പിടിത്തക്കാരനും പോലീസിനോട് പറഞ്ഞു. ഇതേത്തുടര്‍ന്ന് നടത്തിയ വ്യാപക തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.
അതിനിടെ കണ്ടെടുത്ത കത്ത് സിദ്ധാര്‍ത്ഥയുടേത് തന്നെയെന്ന് മംഗളൂരു പോലീസ് അറിയിച്ചു. കൈയക്ഷരം സിദ്ധാര്‍ത്ഥയുടേത് തന്നെയെന്ന് കുടുംബവും സാക്ഷ്യപ്പെടുത്തി. സംരംഭകന്‍ എന്ന നിലയില്‍ പരാജയപ്പെട്ടെന്നും, ആദായ നികുതി വകുപ്പില്‍ നിന്ന് വലിയ സമ്മര്‍ദ്ദം ഉണ്ടായെന്നുമാണ് കത്തില്‍ പറയുന്നത്. കൂടാതെ കമ്പനിയെ ലാഭത്തിലാക്കാന്‍ കഴിഞ്ഞില്ലെന്നും, ഇനിയും ഇങ്ങനെ തുടരാനാകില്ലെന്നും സിദ്ധാര്‍ത്ഥയുടെ കത്തില്‍ പറയുന്നു.
















