മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധനയ്‌ക്ക് രക്തസാമ്പിള്‍ ശേഖരിക്കുന്ന ആശുപത്രി മാറ്റി. ബൈക്കുളയിലെ ജെ.ജെ ആശുപത്രിയിലാകും ബിനോയ് കോടിയേരിയുടെ രക്തസാമ്പിള്‍ ശേഖരിക്കുകയെന്ന് ഓഷിവാര പോലീസ് വ്യക്തമാക്കി.
ആദ്യം ജുഹുവിലെ ഡോ. ആര്‍ എന്‍ കൂപ്പര്‍ ആശുപത്രിയില്‍ വച്ച് രക്തസാമ്പിള്‍ ശേഖരിക്കാനായിരുന്നു പോലീസിന്റെ തീരുമാനിച്ചിരുന്നത്. പിന്നീട് ഇത് മാറ്റുകയായിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് രക്തസാമ്പിള്‍ ശേഖരിക്കുന്ന ആശുപത്രി മാറ്റിയത് എന്നത് പോലീസ് കൃത്യമായ വിവരം നല്‍കിയിട്ടില്ല. ബീഹാറി യുവതിയുടെ കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിനായുള്ള ഡിഎന്‍എ പരിശോധനയ്‌ക്ക് ബിനോയ് ചൊവ്വാഴ്ച തന്നെ രക്തസാമ്പിളുകള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
ഉച്ചയോടെ ഡിഎന്‍എ പരിശോധനയ്‌ക്കായി ബിനോയ് ഹാജരായി രക്തസാമ്പിള്‍ നല്‍കുമെന്നാണ് കരുതുന്നത്. രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഡിഎന്‍എ പരിശോധനഫലം കോടതിക്ക് നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ഓഷിവാര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ബിനോയ്‌ക്ക് ഡിഎന്‍എ പരിശോധനയ്‌ക്ക് വിധേയമാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇതോടെയാണ് ചൊവ്വാഴ്ച തന്നെ രക്തസാമ്പിള്‍ നല്‍കാനും രണ്ടാഴ്ചയ്‌ക്കുള്ളില്‍ പരിശോധനഫലം ഹാജരാക്കാനും കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്.
ജാമ്യവ്യവസ്ഥയുടെ ഭാഗമായി കഴിഞ്ഞ ദിവസം മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ബിനോയ് ഹാജരായെങ്കിലും രക്ത സാമ്പിള്‍ നല്‍കാന്‍ തയാറായില്ലായിരുന്നു.
















