ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. ദുരിതാശ്വാസ നിധിയുടെ വിനിയോഗത്തിനുള്ള ചട്ടത്തില്‍ ഇളവുതേടി ഉച്ചയ്‌ക്ക് 12.30 ന് പാര്‍ലമെന്റിലെ ഓഫീസിലെത്തിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയെ മുഖ്യമന്ത്രി കാണുന്നത്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യവത്കരിക്കരുതെന്ന ആവശ്യം വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ്ങ് പുരിയെ കണ്ട് ആവശ്യപ്പെടും. ഇതിന് പുറമെ, വായ്‌പാ പരിധി ഉയര്‍ത്തുന്നതടക്കം ബജറ്റ് ചര്‍ച്ചയ്‌ക്കിടെ ഉന്നയിച്ച ആവശ്യങ്ങള്‍ ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായുള്ള ചര്‍ച്ച നടത്തും.
അതേസമയം, തിരുവനന്തപുരം വിമാനത്താവള നടത്തിപ്പിനായി സര്‍ക്കാര്‍ രൂപീകരിച്ച ടിയാലിനും ഓഹരിപങ്കാളിത്തം നല്‍കാനാണ് അദാനിയുടെ നീക്കം. നേരത്തെ ടിയാല്‍ അദാനിയുമായി കൈകോര്‍ക്കാന്‍ ശ്രമിച്ചെങ്കില്‍, ഇപ്പോള്‍ അദാനിയാണ് ടിയാലിനെ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നത്.
അദാനിയുമായി കൈകോര്‍ത്താല്‍ ഉണ്ടാകാവുന്ന രാഷ്‌ട്രീയ വിമര്‍ശനങ്ങള്‍ സര്‍ക്കാരിന് മുന്നിലെ വെല്ലുവിളിയാണ്. അദാനിയുമായുള്ള കൈകോര്‍ക്കല്‍ ഇപ്പോള്‍ അജണ്ടയില്‍ ഇല്ലെന്നായിരുന്നു അടുത്തിടെ മുഖ്യമന്ത്രിയുടെ പ്രതികരണം. കരാര്‍ കാലാവധി നാളെ അവസാനിച്ചാലും മൂന്ന് മാസം നീട്ടാനുള്ള സാധ്യതയുമുണ്ട്.
















