ന്യൂദല്‍ഹി : പ്രകൃതിയുമായി ഇണങ്ങി ഇന്ത്യയുടെ സമ്പന്നമായ പാരമ്പര്യത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമാണ് ഡിസ്‌കവറി ചാനല്‍ പരിപാടിയിലൂടെ തനിക്ക് ലഭിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചാനലിന്റെ ‘മാന്‍ വേഴ്‌സസ് വൈല്‍ഡി’ല്‍ പങ്കെടുത്തതിനുശേഷമുള്ള പ്രതികരണത്തിലാണ് മോദി ഇക്കാര്യം അറിയിച്ചത്.
പര്‍വതങ്ങളും വനങ്ങളുമടങ്ങുന്ന പ്രകൃതിയുടെ മടിത്തട്ടില്‍ ജീവിച്ചതിന്റെ അനുഭവമാണ് ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കാന്‍ തനിക്ക് പ്രചോദനമായത്. വര്‍ഷങ്ങളോളം പര്‍വതങ്ങളും വനങ്ങളുമടങ്ങുന്ന പ്രകൃതിയുടെ മടിത്തട്ടില്‍ ജീവിച്ചത് തന്റെ ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്.
രാഷ്‌ട്രീയത്തിന് അപ്പുറമുള്ള ജീവിതം ചിത്രീകരിക്കുന്ന, പ്രകൃതിയെ ആവിഷ്‌കരിക്കുന്ന ഇത്തരമൊരു പരിപാടിയില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതുകെണ്ടുതന്നെ താന്‍ സമ്മതിക്കുകയായിരുന്നെന്ന് മോദി അറിയിച്ചു. പ്രകൃതിയെ അതിന്റെ സംശുദ്ധിയോടെ അറിയാന്‍ ത്വരയുമുള്ള അവതാരകന്‍ ബിയറിനൊപ്പം ഒരിക്കല്‍ക്കൂടി കാട്ടില്‍ സമയം ചെലവഴിക്കാന്‍ സാധിച്ചത് വലിയ അനുഭവമായിരുന്നെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
മാന്‍ വേഴ്‌സസ് വൈല്‍ഡ് അവതാരകന്‍ ബിയര്‍ ഗ്രില്‍സാണ് മോദിക്കൊപ്പമുള്ള പുതിയ എപ്പിസോഡിനെക്കുറിച്ചുള്ള വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഒപ്പം ഈ എപ്പിസോഡിന്റെ ട്രെയിലറും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. ബിയര്‍ ഗ്രില്‍സിനൊപ്പം വനാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന മോദിയുടെ നാല്‍പ്പത്തഞ്ചു സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ട്രെയിലറില്‍ ഉള്ളത്. ഓഗസ്റ്റ് 12ന് രാത്രി ഒമ്പതുമണിക്കാണ് എപ്പിസോഡ് ഡിസ്‌കവറി ചാനല്‍ സംപ്രേഷണം ചെയ്യുന്നത്.
















