ന്യൂ ദല്‍ഹി: കുട്ടികളെ സായുധ സേന ഉദ്യോഗസ്ഥരാകാന്‍ പരിശീലിപ്പിക്കുന്ന ആര്‍മി സ്‌കൂളുമായി രാഷ്‌ട്രീയ സ്വയംസേവക സംഘം. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയാണ് സ്‌കൂള്‍ നടത്തുന്നത്. ആര്‍.എസ്.എസ് മുന്‍ സര്‍സംഘചാലക് രാജേന്ദ്ര സിംഗിന്‍റെ (രജ്ജു ഭയ്യ) സ്മരണാര്‍ഥമാണ് അടുത്ത വര്‍ഷം ആര്‍മി സ്‌കൂള്‍ ആരംഭിക്കുന്നത്.
രാഷ്‌ട്രീയ സ്വയംസേവക സംഘം നാലാം സര്‍സംഘചാലക് കൂടിയായ രാജേന്ദ്ര സിംഗ് 1922 ല്‍ ജനിച്ച യുപിയിലെ ബുലന്ദശഹര്‍ ജില്ലയിലെ ഷിക്കാര്‍പൂരിലാണ് ‘രജ്ജു ഭയ്യ സൈനിക് വിദ്യാ മന്ദിര്‍’ വരുന്നത്.ആണ്‍കുട്ടികള്‍ക്കുള്ള റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ നിര്‍മ്മാണമാണ് ഇപ്പോള്‍ നടക്കുന്നുത്. സിബിഎസ്ഇ സിലബസിന്റെ കീഴില്‍ ആറാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏപ്രില്‍ മുതല്‍ ക്ലാസുകള്‍ ആരംഭിക്കും.
20,000 ത്തിലധികം സ്‌കൂളുകളാണ് വിദ്യാഭാരതി രാജ്യത്താകമാനം നടത്തുന്നത്. ഒന്നാം ബാച്ചില്‍ ആറാം ക്ലാസിലേക്ക് 160 വിദ്യാര്‍ത്ഥികളെയാക്കും എടുക്കുക. സംവരണ പദ്ധതി പ്രകാരം ബലിദാനികളുടെ കുട്ടികള്‍ക്ക് 56 സീറ്റുകള്‍ ലഭ്യമാക്കും.
മുന്‍ കരസേനക്കാരനും കര്‍ഷകനുമായ രാജ്പാല്‍ സിംഗ് സംഭാവന ചെയ്ത 5 ഏക്കറിലാണ് സ്‌ക്കൂള്‍ വ്യാപിച്ചുകിടക്കുന്നത്. കെട്ടിടത്തിന്റെ നിര്‍മാണം കഴിഞ്ഞ ഓഗസ്റ്റ് 24 നാണ് ആരംഭിച്ചത്. രാജ്പാല്‍ സിംഗ് ജ്ഞാന്‍കല്ല്യന്‍ സേവാ സമിതി ട്രസ്റ്റിന്റെ ഭാഗമാണ് ഈ സ്ഥലം. അക്കാദമിക്കും ഹോസ്റ്റലിനും മൂന്ന് നില കെട്ടിടം, ഒരു ഡിസ്‌പെന്‍സറി, സ്റ്റാഫ് അംഗങ്ങള്‍ക്ക് താമസസ്ഥലവും വലിയ ഒരു സ്റ്റേഡിയവും സ്‌കൂളില്‍ ഉണ്ടാകും.
അടുത്ത മാസം മുതല്‍ അപേക്ഷകള്‍ ക്ഷണിക്കും. സ്‌ക്കൂളിന്റെ പ്രവത്തനം കണക്കിലെടുത്ത് മറ്റു സംസ്ഥാനങ്ങളില്‍ക്കൂടി പ്രവര്‍ത്തനം വിപുലീകരിക്കും എന്ന് അധികൃതര്‍ അറിയിച്ചു.
‘കരസേന, നാവികസേന, വ്യോമസേനാ ഉദ്യോഗസ്ഥരുടെ കുറവ് രാജ്യത്തുണ്ട്. മീററ്റ് പ്രാന്തത്തില്‍ വിദ്യാഭാരതിയുടെ കീഴില്‍ ഒരു ആര്‍മി സ്‌കൂള്‍ ഉള്ളത് അഭിമാനമാണെന്നും ഭാവിയില്‍ ഒരു സൈനിക ഉദ്യോഗസ്ഥനായി രാജ്യത്തെ സേവിക്കാനുള്ള കുട്ടികളുടെ സ്വപ്നങ്ങള്‍ ഈ സ്‌കൂള്‍ നിറവേറ്റുമെന്നും മീററ്റിലെ ആര്‍.എസ്.എസ് പ്രാന്ത പ്രചാരക് അജയ് മിത്തല്‍ പറഞ്ഞു.
















