മുംബൈ: ബിഹാര്‍ സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് കനത്ത തിരിച്ചടി. കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിനായുള്ള ഡി.എന്‍.എ. പരിശോധനയ്‌ക്ക് ബിനോയ് ചൊവ്വാഴ്ച തന്നെ രക്തസാമ്പിളുകള്‍ നല്‍കണമെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്‌ക്കുള്ളില്‍ ഡി.എന്‍.എ. പരിശോധനഫലം കോടതിക്ക് നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പോലീസിനോട് ആവശ്യപ്പെട്ടു.
നേരത്തെ ഓഷിവാര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ബിനോയ്‌ക്ക് ഡി.എന്‍.എ. പരിശോധനയ്‌ക്ക് വിധേയമാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇതോടെയാണ് ചൊവ്വാഴ്ച തന്നെ രക്തസാമ്പിള്‍ നല്‍കാനും രണ്ടാഴ്ചയ്‌ക്കുള്ളില്‍ പരിശോധനഫലം ഹാജരാക്കാനും കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. ജാമ്യവ്യവസ്ഥയുടെ ഭാഗമായി മുംബൈയിലെ ഓഷിവാര പോലീസ് സ്റ്റേഷനില്‍ ഇന്നു ബിനോയ് ഹാജരായെങ്കിലും രക്ത സാമ്പിള്‍ നല്‍കാന്‍ തയാറായില്ലായിരുന്നു.
















