ന്യൂദല്‍ഹി: ലോക്സഭയില്‍ ഡെപ്യൂട്ടി സ്പീക്കറായ വനിത ബിജെപി എംപി രമാദേവിയോട് ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ എസ്പി എംപി അസംഖാന്‍ ഒടുവില്‍ ലോക്‌സഭയില്‍ പരസ്യമായി മാപ്പു പറഞ്ഞു തടിയൂരി. വനിതാ അംഗങ്ങളുടെ ശക്തമായ പ്രതിഷേധം മൂലമാണ് മാപ്പു പറയാന്‍ അസംഖാന്‍ നിര്‍ബന്ധിതനായത്. മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയ്‌ക്കിടെയാണ് സംഭവം അരങ്ങേറുന്നത്. എനിക്ക് ഒരു അവസരം നല്‍കിയാല്‍ ഞാന്‍ നിങ്ങളില്‍ നിന്ന് കണ്ണുകളെടുക്കില്ല എന്ന് അസം ഖാന്‍ സഭ നിയന്ത്രിക്കുന്ന ഡപ്യൂട്ടി സ്പീക്കര്‍ രമാ ദേവിയെ നോക്കി പറഞ്ഞു. നിങ്ങളുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ നിങ്ങളോട് സംസാരിക്കുന്നതായി എനിക്ക് തോന്നുന്നു എന്നും രമാ ദേവിയെ നോക്കി അസം ഖാന്‍ പറയുകയുണ്ടായി. എന്നാല്‍, താന്‍ മോശമായ അര്‍ഥത്തില്‍ ഒരു കാര്യവും ചിന്തിച്ചു പോലും ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും ചെയറിലുണ്ടായിരുന്നു രമാദേവിക്ക് തന്റെ വാക്കുകള്‍ മോശമായി തോന്നിയെങ്കില്‍ നിരുപാധികം മാപ്പുപറയുകയാണെന്നും അസം ഖാന്‍ ഇന്നു ലോക്‌സഭയില്‍ വ്യക്തമാക്കി. ഇന്നു രാവിലെ എസ്പി നേതാവ് അഖിലേഷ് യാദവിനൊപ്പം അസംഖാന്‍ സ്പീക്കര്‍ ഓം ബിര്‍ലയെ കണ്ടു ചര്‍ച്ച നടത്തിയിരുന്നു. പരസ്യമായി മാപ്പു പറയണമെന്നു സ്പീക്കര്‍ ഇരു നേതാക്കളോടും ആവശ്യപ്പെട്ടിരുന്നു. അതേസമയം, അസംഖാന്റെ പരാമര്‍ശം രാജ്യത്തെ എല്ലാ സ്ത്രീകളേയും പുരുഷന്‍മാരേയും മാനസികമായി വേദനിപ്പിച്ചെന്നു രമാദേവി പ്രതികരിച്ചു. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കാന്‍ എല്ലാ അംഗങ്ങളും ബാധ്യസ്ഥരാണെന്നും ഉപയോഗിക്കുന്ന വാക്കുകള്‍ സൂക്ഷിക്കണമെന്നും സ്പീക്കര്‍ മുന്നറിയിപ്പു നല്‍കി.
നേരത്തേ, അസംഖാനെതിരേ വനിത അംഗങ്ങള്‍ ശക്തമായി രംഗത്തുവന്നിരുന്നു. കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമനും സ്മൃതി ഇറാനിയും അസംഖാനെതിരേ പൊട്ടിത്തെറിച്ചു സംസാരിക്കുകയും നടപടി ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീകള്‍ക്കു നേരേ അങ്ങേയറ്റം നീചമായ പരാമര്‍ശം ആണ് അസംഖാനില്‍ നിന്നുണ്ടായത്. കടുത്ത നടപടി അസംഖാനിനെതിരേ വേണമെന്നും നിര്‍മല. ആണുങ്ങള്‍ ഉള്‍പ്പെടെ എല്ലാ ജനപ്രതിനിധികള്‍ക്കും കളങ്കമാണ് അസംഖാന്റെ വാക്കുകള്‍. ഇതെല്ലാം കേട്ട് മിണ്ടാതിരിക്കാന്‍ സാധിക്കില്ല. ഞങ്ങള്‍ ഒറ്റസ്വരത്തിലാണ് അസംഖാനിനെതിരേ നടപടി ആവശ്യപ്പെടുന്നതെന്നു സ്മൃതി ഇറാനി. ജനാധിപത്യത്തിന്റെ ശ്രീകോവിലായ ഇവിടെ വന്നു കണ്ണുകള്‍ നോക്കി സംസാരിക്കൂ എന്നടക്കം ദ്വയാര്‍ത്ഥമുള്ള വാക്കുകള്‍ ഉപയോഗിക്കില്ലെന്നും എംപി എന്ന നിലയില്‍ ഒരാളില്‍ നിന്നു കൂടുതല്‍ പ്രതീക്ഷിക്കുന്നെന്നും തൃണമൂല്‍ എംപിയായ മിമി ചക്രബര്‍ത്തി.
















