തൃശൂര്‍: സംസ്ഥാന സീനിയര്‍ പുരുഷ- വനിതാ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ 450 പോയിന്റോടെ തിരുവനന്തപുരം ഓവറോള്‍ ചാമ്പ്യന്മാരായി. 356 പോയിന്റോടെ എറണാകുളം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
കോട്ടയത്തിനാണ് മൂന്നാം സ്ഥാനം-117 പോയിന്റ്. പാലക്കാട് 75 പോയിന്റുമായി നാലാം സ്ഥാനത്തെത്തി.
രണ്ടു ദിവസങ്ങളിലായി നടന്ന മീറ്റില്‍ ഏഴ് റെക്കോഡുകള്‍ പിറന്നു.
200 മീറ്റര്‍ ബാക്ക്‌സ്‌ട്രോക്കില്‍ എറണാകുളത്തിന്റെ സനാ മാത്യു(2:35:87), 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ എറണാകുളത്തിന്റെ അഭിജിത്ത് ഗെഗാറിന്‍(00:57:53), 400 മീറ്റര്‍ വ്യക്തിഗത മെഡ്‌ലിയില്‍ എറണാകുളത്തിന്റെ ശ്രേയാ മേരി കമല്‍(05:30:56), 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ എറണാകുളത്തിന്റെ സനാ മാത്യു(00:32:37), 50 മീറ്റര്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ തിരുവനന്തപുരത്തിന്റെ എസ്. സുനീഷ്(00:29:44), 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ എറണാകുളത്തിന്റെ അഭിജിത്ത് ഗെഗാറിന്‍(00:53:73), 200 മീറ്റര്‍ വ്യക്തിഗത മെഡ്‌ലിയില്‍ എറണാകുളത്തിന്റെ ശ്രേയ മേരി കമല്‍(02:40:52) എന്നിവരാണ് റെക്കോഡിട്ടത്.
പുരുഷ വിഭാഗത്തില്‍ എറണാകുളത്തിന്റെ കെ. അര്‍ജുന്‍ അനീഷും വനിതാ വിഭാഗത്തില്‍ ശ്രേയാ മേരി കമലും വ്യക്തിഗത ചാമ്പ്യന്മാരായി. 205 പോയിന്റോടെ പുരുഷ ടീം ചാമ്പ്യന്‍ഷിപ്പും 207 പോയിന്റോടെ വനിതാ ടീം ചാമ്പ്യന്‍ഷിപ്പും തിരുവനന്തപുരം കരസ്ഥമാക്കി. വാട്ടര്‍പോളോ പുരുഷ വനിതാ വിഭാഗങ്ങളില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ വനിതാ വിഭാഗത്തില്‍ പാലക്കാടും പുരുഷ വിഭാഗത്തില്‍ എറണാകുളവും രണ്ടാം സ്ഥാനത്തെത്തി. സംസ്ഥാന കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വിജയികള്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു.
















