ന്യൂദല്‍ഹി: ഭീകര വിരുദ്ധ നിയമം (യുഎപിഎ ആക്ട്) പ്രകാരം പാക്കിസ്ഥാന്‍കാരായ ജെയ്ഷ ഇ മുഹമ്മദ് നേതാവ് മസൂദ് അസ്ഹര്‍, ലഷ്‌കര്‍ ഇ തോയ്ബ അധ്യക്ഷന്‍ ഹാഫിസ് സയീദ് എന്നിവരെ ഭീകരരായി ഇന്ത്യ പ്രഖ്യാപിക്കുന്നു. ഇതുസംബന്ധിച്ചുള്ള യുഎപിഎ നിയമ ഭേദഗതി ബില്‍ ലോക്‌സഭ അടുത്തിടെ പാസാക്കിയിരുന്നു. രാജ്യസഭയിലും ഈ ബില്‍ പാസായാൽ ഭേദഗതി നടപ്പില്‍ വരും.
പാക് മണ്ണില്‍ നിന്നുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുവാദമുണ്ടെങ്കില്‍ മാത്രമാണ് വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനാകുക. ഭീകരരായി പ്രഖ്യാപിച്ച വ്യക്തികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും യാത്രാ നിരോധനം ഏര്‍പ്പെടുത്താനും സര്‍ക്കാറിന് അധികാരമുണ്ടാകും. ഇരുവരെയും ഭീകരരായി പ്രഖ്യാപിക്കുന്നതിലൂടെ പ്രധാന വിവരങ്ങള്‍ വിദേശ ഏജന്‍സികളുമായി പങ്കുവെക്കാനാകുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്. കൂടാതെ യുഎന്നിന്റെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതി വരുത്തിയത്.
കഴിഞ്ഞ 15 വര്‍ഷമായി 42 സംഘടനകളെയാണ് കേന്ദ്ര സര്‍ക്കാര്‍ ഭീകര സംഘടനകളായി പ്രഖ്യാപിച്ചത്. കൂടാതെ മസൂദ് അസറിനേയും ഹാഫിസ് സയീദിനേയും ഭീകരരായി പ്രഖ്യാപിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. ഇതും കൂടി കണക്കിലെടുത്താണ് പുതിയ നിയമഭേദഗതി.
ബുധനാഴ്ചയാണ് യുഎപിഎ ബില്‍ ലോക്‌സഭയില്‍ പാസാക്കിയത്. രാജ്യത്തു നിന്ന് ഭീകര പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുകയാണ് സര്‍ക്കാറിന്റെ പ്രധാന ലക്ഷ്യമെന്നും അതിനായാണ് നിയമം ഭേദഗതി വരുത്തുന്നതെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
















