ബംഗളൂരു: കര്‍ണാടകയിലെ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബി.എസ്. യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികരമേറ്റു. രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. രാവിലെ തങ്ങള്‍ക്കൊപ്പമുള്ള എംഎല്‍എമാരുടെ പട്ടികയുമായി യെദിയൂരപ്പ രാജ്ഭവനില്‍ എത്തി ഗവര്‍ണ്ണറെ കണ്ടിരുന്നു. പത്തു മണിയോടെയാണു യെദിയൂരപ്പ രാജ് ഭവനില്‍ എത്തിയത്. വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്- ജെഡിഎസ് സഖ്യ സര്‍ക്കാര്‍ പരാജയപ്പെട്ടെങ്കിലും സര്‍ക്കാര്‍ രൂപീകരണത്തിനു ബിജെപി തിടുക്കം കാട്ടിയിരുന്നില്ല.
ഇന്നലെ, കര്‍ണാടകത്തിലെ പതിനേഴ് വിമത എംഎല്‍എമാരില്‍ മൂന്നുപേരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. റാണെബെന്നൂര്‍ എംഎല്‍എ ആര്‍. ശങ്കര്‍, ഗോഖക് എംഎല്‍എ രമേശ് ജാര്‍ക്കിഹോളി, അത്താണി എംഎല്‍എ മഹേഷ് കുമത്തല്ലി എന്നിവരെയാണ് ഇന്നലെ സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാര്‍ അയോഗ്യരാക്കിയത്.
കര്‍ണാടക പ്രജാ ജനതാ പാര്‍ട്ടി (കെപിജെപി) പാര്‍ട്ടിയുടെ ഏക എംഎല്‍എയായിരുന്നു ആര്‍. ശങ്കര്‍. ജൂണ്‍ 14ന് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരില്‍ മന്ത്രിയാകുന്നതിനു വേണ്ടി കോണ്‍ഗ്രസില്‍ ലയിക്കുന്നതായി കത്ത് നല്‍കിയിരുന്നുവെന്ന് സ്പീക്കര്‍ പറഞ്ഞു. ജൂലൈ എട്ടിന് എംഎല്‍എസ്ഥാനം രാജിവയ്‌ക്കുന്നതായി കത്തു നല്‍കി. ബിജെപിയെ പിന്തുണയ്‌ക്കുമെന്ന് ശങ്കര്‍ ഗവര്‍ണറെ അറിയിച്ചിരുന്നു.
















