ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഫീല്‍ഡിങ് കോച്ചാകാന്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മന്‍ ജോണ്ടി റോഡ്‌സും. ഫീല്‍ഡിങ് കോച്ചാകാന്‍ അപേക്ഷ നല്‍കിയ പ്രമുഖ താരങ്ങളില്‍ ഒരാളാണ് ജോണ്ടി റോഡ്‌സ്.
ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ചാകാന്‍ ഞാനും അപേക്ഷ നല്‍കിയിട്ടുണ്ട്. ഞാനും ഭാര്യയും ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന രാജ്യമാണ് ഇന്ത്യയെന്നും ജോണ്ടി റോഡ്‌സ് പറഞ്ഞു.
ലോകം കണ്ട ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് റോഡ്‌സ്. 1992 ലെ ലോകകപ്പില്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖിനെ റോഡ്‌സ് റണ്‍ഔട്ടാക്കിയത് ആര്‍ക്കും മറക്കാനാകില്ല.
നാല്‍പ്പത്തിയൊമ്പതുകാരനായ റോഡ്‌സ് ദീര്‍ഘ കാലം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിങ് കോച്ചായിരുന്നു. റോഡ്‌സ് 245 ഏകദിനങ്ങളും 52 ടെസ്റ്റും കളിച്ചിട്ടുണ്ട്്.
ആഗസ്ത് പകുതിയോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സംഘത്തെ തെരഞ്ഞെടുക്കുമെന്നാണ് സൂചന. അപേക്ഷകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി ഈ മാസം 30 ആണ്.
മുഖ്യ പരിശീലക സ്ഥാനത്തേക്ക് നിലവിലെ പരിശീലകനായ രവി ശാസ്ത്രിയും അപേക്ഷ നല്‍കിയിട്ടുണ്ട്്. ന്യൂസിലന്‍ഡിന്റെ മുന്‍ പരിശീലകന്‍ മൈക്ക് ഹെസണ്‍ മുഖ്യ പരിശീലകനാകാന്‍ അപേക്ഷ നല്‍കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
















