ഭോപ്പാല്‍: ഭക്ഷണം കക്കൂസിലും പാകം ചെയ്യാമെന്നും അതില്‍ കുഴപ്പമില്ലെന്നും മധ്യപ്രദേശിലെ വനിതാ ശിശുക്ഷേമ മന്ത്രി ഇമാര്‍തി ദേവി. കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശിലെ ചില അങ്കണവാടിയില്‍ കുട്ടികള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നത് കക്കൂസിലാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇത് വിവാദമായോടെയാണ് കക്കൂസില്‍ ഭക്ഷണം പാകം ചെയ്യുന്നതിന് പ്രശ്‌നമൊന്നുമില്ലെന്നും മറ മാത്രം മതിയെന്നുമുള്ള മന്ത്രിയുടെ വാദം.
കക്കൂസിനും അടുപ്പിനുമിടയില്‍ ചെറിയൊരു മറയുണ്ടെങ്കില്‍ കക്കൂസും അടുക്കളയാക്കാമെന്നാണ് ഇമാര്‍തി ദേവി പറയുന്നത്. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയില്‍ കരേര മുന്‍സിപ്പാലിറ്റിയിലുള്ള അങ്കണവാടിയില്‍ ഭക്ഷണം പാകം ചെയ്യുന്നത് കക്കൂസിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവിടെ പാത്രങ്ങള്‍ സൂക്ഷിക്കുന്നത് ക്ലോസെറ്റിലാണ്. രാജ്യത്തെ ഗ്രാമങ്ങളിലെ പ്രഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടിയായാണ് അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍, ഇവിടുത്തെ ക്ലോസെറ്റ് ഉപയോഗ ശൂന്യമാണെന്നും അത് ഗ്രാവല്‍ ഉപയോഗിച്ച് മൂടിയിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നമ്മുടെ വീട്ടിലും മുറികളോട് ചേര്‍ന്നുള്ള ശുചിമുറികളുണ്ട്. എന്നു കരുതി വീട്ടിലെത്തുന്ന അതിഥികള്‍ ഭക്ഷണം നിരസിച്ചാല്‍ എന്താകും സ്ഥിതിയെന്നും മന്ത്രി ചോദിക്കുന്നു. എന്തായാലും സംഭവത്തില്‍ അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.ജില്ലയിലെ സ്വയം സഹായ സംഘടനയില്‍പ്പെട്ടവരാണ് കക്കൂസ് തല്‍ക്കാലത്തേക്ക് അടുക്കളയാക്കിത്. ഇവിടെ ഭക്ഷണം പാകം ചെയ്തതിന് അങ്കണവാടി സൂപ്പര്‍വൈസര്‍ക്കും അവിടുത്തെ ജോലിക്കാര്‍ക്കുമെതിരെ നടപടിയെടുക്കും, വനിതാ-ശിശുക്ഷേമ വകുപ്പ് ജില്ലാ ഓഫീസര്‍ അറിയിച്ചു.
















