ന്യൂദല്‍ഹി: പാക്കിസ്ഥാനുമായി ഇന്ത്യ നടത്തുന്ന ഏതു ചര്‍ച്ചയിലും പാക് അധിനിവേശ കശ്മീര്‍ ചര്‍ച്ചാ വിഷയമാകുമെന്ന് ഇന്ത്യ. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് നടത്തിയ വിവാദ പ്രസ്താവന തള്ളിയ രാജ്‌നാഥ്, ഇക്കാര്യത്തില്‍ മധ്യസ്ഥത അനുവദിക്കല്ലെന്നും വ്യക്തമാക്കി.
കശ്മീര്‍ ഭാരതത്തിന്റെ അഭിമാനമാണ്. കശ്മീര്‍ വിഷയത്തില്‍ യാതൊരുവിധ ഒത്തുതീര്‍പ്പിനും ഇന്ത്യ ഒരുകാലത്തും തയാറാവില്ല, രാജ്‌നാഥ് ലോക്‌സഭയില്‍ പറഞ്ഞു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ സഭയെ അറിയിച്ചത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ചയില്‍ കശ്മീര്‍ വിഷയം ചര്‍ച്ചയായിട്ടേയില്ല എന്നാണ്. ഇക്കാര്യം ആവര്‍ത്തിച്ച രാജ്‌നാഥ്, കശ്മീര്‍ വിഷയത്തിലെ മധ്യസ്ഥ ശ്രമം ഷിംല കരാറിന്റെ ലംഘനം കൂടിയാണെന്നും വ്യക്തമാക്കി.
ലോക്‌സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസ് അംഗങ്ങള്‍ ട്രംപിന്റെ പ്രസ്താവയുടെ പേരില്‍ അനാവശ്യ വിവാദമുണ്ടാക്കി സഭ ബഹിഷ്‌ക്കരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. അമേരിക്കന്‍ പ്രസിഡന്റിനെയാണോ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെയാണോ പ്രതിപക്ഷത്തിന് വിശ്വാസമെന്ന് രാജ്യസഭയില്‍ ബഹളമുണ്ടാക്കിയ പ്രതിപക്ഷ അംഗങ്ങളോട് അധ്യക്ഷന്‍ വെങ്കയ്യ നായിഡു ചോദിച്ചു.
















