ജയ്‌പ്പൂര്‍: ‘ഇത് നല്ല സ്‌കൂള്‍. അധ്യാപകരും മറ്റുള്ളവരും കുട്ടികള്‍ക്ക് വലിയ സഹായമാണ്. എന്റെ കുട്ടികള്‍ നഴ്‌സറി മുതല്‍ ഇവിടെയാണ് പഠിക്കുന്നത്.’ സന്തോഷത്താടെ പറയുകയാണ് രാജ്ബാനോ. രാജ്ബാനോയുടെ രണ്ടു പെണ്‍മക്കള്‍, സിമ്രാന്‍ ബാനോയും സീമാ ബാനോയും പഠിക്കുന്നത് ഒരേ സ്‌കൂളില്‍തന്നെ. ആര്‍എസ്എസിന്റെ വിദ്യാവിഭാഗമായ വിദ്യാഭാരതി നടത്തുന്ന സ്‌കൂളില്‍. പന്ത്രണ്ടാം ക്ലാസില്‍ 94.20 ശതമാനം മാര്‍ക്കുമായി ഒന്നാം സ്ഥാനത്താണ് സിമ്രാന്‍. ഇപ്പോള്‍ നീറ്റിന് തയാറെടുക്കുന്നു. രാജസ്ഥാനിലെ സിക്കാര്‍ മേഖലയിലെ ഒന്നാം സ്ഥാനം സിമ്രാനു തന്നെ. സിമ്രാന്റെ സഹോദരി സീമ പത്താം ക്ലാസ് കഴിഞ്ഞു. 88.30 ശതമാനം മാര്‍ക്കോടെ.
രാജസ്ഥാനിലെ വിദ്യാഭാരതിയുടെ സ്‌കൂളുകളില്‍ പഠിക്കുന്ന മുസ്ലിം കുട്ടികളുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ചുവരികയാണ്. 4513 മുസ്ലിം കുട്ടികളാണ് പഠിക്കുന്നത്. പലരും ഉയര്‍ന്ന മാര്‍ക്കുമായാണ് പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ പാസ്സാകുന്നത്. സിക്കാര്‍ മേഖലയില്‍ പ്ലസ്ടുവിന് ഒന്നാം റാങ്ക് വിദ്യാഭാരതി സ്‌കൂളിലെ സിമ്രാനാണ്, വിദ്യാഭാരതി മേഖല ഡപ്യൂട്ടി സെക്രട്ടറി സുരേഷ് വാധ്വ പറഞ്ഞു.
സ്‌കൂളിലെ എല്ലാ പരിപാടികളിലും പങ്കെടുക്കാറുണ്ടെന്ന് സീമ പറഞ്ഞു. കുട്ടികള്‍ക്കായി മികച്ച സൗകര്യമാണ് വിദ്യാഭാരതി സ്‌കൂളില്‍ ഒരുക്കിയിട്ടുള്ളത്, മറ്റൊരു മുസ്ലിം വിദ്യാര്‍ഥി പറഞ്ഞു. റൂബി ചൗഹാന്‍ 91.67 ശതമാനം മാര്‍ക്ക് നേടിയാണ് പത്താം ക്ലാസ് പാസായത്. ചേച്ചി ശബ്‌നവും പഠിച്ചത് ഇതേ സ്‌കൂളില്‍. പഠിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഇവിടെയുണ്ട്. നല്ല അന്തരീക്ഷം, റൂബി പറയുന്നു.
തികഞ്ഞ മതേതര ബോധമുള്ള കുട്ടികളായിട്ടാണ് ഇവിടെ അവര്‍ പഠിക്കുന്നത്. ശ്രീമതി സൂരജ് കുമാരി ഗദോദിയ ഗേള്‍സ് എവിഎം സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഭഗവന്തി പര്‍വാനി പറയുന്നു. 48 ക്രിസ്ത്യന്‍ കുട്ടികളും ഇവിടെ പഠിക്കുന്നുണ്ട്. ദൗസയിലെ സ്‌കൂളില്‍ 581 മുസ്ലിം കുട്ടികളും ചൂരുവില്‍ 540, ആള്‍വാറില്‍ 269, ജയ്‌പ്പൂരില്‍ 291, ജൂണ്‍ജുനുവില്‍ 267, സിക്കാറില്‍ 154, കരൗളിയില്‍ 119, സാവായ് മാധോപ്പൂരില്‍ 106, ഭരത്പ്പൂരില്‍ 185 കുട്ടികളും പഠിക്കുന്നു. എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള കുട്ടികളും അധ്യാപകരും ഇവിടെയുണ്ട്. വിദ്യാഭാരതി ജില്ലാ സെക്രട്ടറിയായ ഓം പ്രകാശ് പറഞ്ഞതായും ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് സര്‍വീസ് (ഐഎഎന്‍എസ്) റിപ്പോര്‍ട്ട് ചെയ്യുന്നു.
ആര്‍എസ്എസിനെ വര്‍ഗീയമെന്ന് മുദ്ര കുത്തി അകറ്റിനിര്‍ത്തുന്നവര്‍ക്കുള്ള ചുട്ട മറുപടിയാണ് വിദ്യാഭാരതി സ്‌കൂളുകളുടെ മുന്നേറ്റം.
















