വിജയവാഡ : ആന്ധ്രയില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ 75 ശതമാനം ജോലിയും യുവാക്കളായ നാട്ടുകാര്‍ക്ക് സംവരണം ചെയ്ത് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. ഇതോടെ തദ്ദേശീയര്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി സംവരണം ചെയ്യുന്ന ആദ്യ സംസ്ഥാനമായി മാറിയിരിക്കുകയാണ് ആന്ധ്ര. ഇതുമായി ബന്ധപ്പെട്ടുള്ള ആന്ധ്രപ്രദേശ് എംപ്ലോയ്‌മെന്റ് ഓഫ് ലോക്കല്‍ കാന്‍ഡിഡേറ്റ്സ് ഇന്‍ ഇന്റസ്ട്രീസ് ആക്ട് 2019 എന്ന നിയമം നിയമസഭ പാസാക്കി.
ഇതു പ്രകാരം സ്വകാര്യ കമ്പനികള്‍ക്ക് ആവശ്യമുള്ള യോഗ്യരെ കണ്ടെത്താന്‍ സാധിച്ചില്ലെങ്കിലും അന്യ സംസ്ഥാനക്കാരെ നിയമിക്കാന്‍ സാധിക്കില്ല. സ്വകാര്യ കമ്പനികള്‍ക്ക് ആവശ്യമുള്ള യോഗ്യത പരിസരവാസികളില്‍ ഇല്ലെങ്കില്‍ അവര്‍ക്ക് പരീശിലനം നല്‍കി തൊഴില്‍ നല്‍കാനാണ് നിയമം അനുശാസിക്കുന്നത്. ഒരു പരിധിവരെ മലയാളികള്‍ക്ക് തിരിച്ചടിയായേക്കും ഈ നിയമം.
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ജഗന്‍ സംസ്ഥാന വ്യാപകമായി പദയാത്ര നടത്തിയിരുന്നു. ഈ വേളയില്‍ നല്‍കിയ ഉറപ്പാണ് ഇപ്പോള്‍ മുഖ്യമന്ത്രി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് 1.33 ലക്ഷം ഗ്രാമ സുരക്ഷാ ജോലി യുവാക്കള്‍ക്ക് നല്‍കുമെന്ന് ജഗന്‍ ഉറപ്പ് നല്‍കിയിരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനകം പുതിയ നിയമം എല്ലാ സ്ഥാപനങ്ങളും നടപ്പാക്കുമെന്നാണ് കരുതുന്നത്. മഹാരാഷ്‌ട്ര, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ തദ്ദേശീയര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നിയമം കൊണ്ടുവരുമെന്ന് അറിയിച്ചിരുന്നെങ്കിലും പ്രാബല്യത്തില്‍ ആയിട്ടില്ല.
വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഒട്ടേറെ ജനപ്രിയ പദ്ധതികളാണ് പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രടാരണ വേളയില്‍ അദ്ദേഹം നല്‍കിയ വാഗ്ദാനങ്ങള്‍ മൂന്നു വര്‍ഷത്തിനുള്ളില്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്.
















