ന്യൂദല്‍ഹി : സിആര്‍പിഎഫിലെ വനിതാ സൈനികര്‍ക്കായി സാനിറ്ററി പാഡ് ഡിസ്‌പെന്‍സറുകളും ഇന്‍സിനറേറ്ററുകളും സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫണ്ടനുവദിച്ചു. വിവിധ കേന്ദ്രങ്ങളിലായി 288 സാനിറ്ററി പാഡ് ഡിസ്‌പെന്‍സറുകളും അത്ര തന്നെ ഇന്‍സിനറേറ്ററുകളും സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 2.11 കോടിയാണ് കേന്ദ്രം വകയിരുത്തിയിരിക്കുന്നത്.
ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ലിംഗപരമായ പരിഗണന നല്‍കിക്കൊണ്ടുള്ള ഈ നടപടി. കൂടാതെ വസ്ത്രം ഉണക്കുന്നതിനായി 783 സ്റ്റീല്‍ സ്റ്റാന്‍ഡുകളും വാങ്ങാന്‍ അനുമതിയായി.
ഒരു ഡിസ്‌പെന്‍സറിന് 2.5 ലക്ഷം രൂപയും ഇന്‍സിനറേറ്ററിന് 40,000 രൂപയുമാണ് വില. 8000 വനിതകള്‍ക്ക് ആശ്വാസം നല്‍കുന്ന ഈ നടപടിക്ക് നിമിത്തമായത് സശസ്ത്ര സീമാബലില്‍ ഐജിയായിരുന്ന രേണുക മിശ്ര എന്ന ഐപിഎസ് ഓഫിസര്‍ നടത്തിയ പഠനമാണ്.
ഇതര സേനാവിഭാഗങ്ങളിലും വൈകാതെ സമാന നടപടിയുണ്ടായേക്കും. കശ്മീര്‍ അടക്കം രാജ്യമാകെ സിആര്‍പിഎഫില്‍ വനിതകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആറ് മഹിളാ ബറ്റാലിയനുകളും ഉണ്ട്. ദ്രുതകര്‍മസേനയിലും വനിതാ അംഗങ്ങളുണ്ട്.
















