ന്യൂദല്‍ഹി: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണി ബിസിസിഐക്ക് കത്തയച്ചതായി റിപ്പോര്‍ട്ടുകള്‍. രാഷ്‌ട്രസേവനം തന്നെയാണ് തനിക്ക് വലുത്. അതിനാല്‍ സൈനിക പരിശീലനത്തിന് പോകണം കത്തില്‍ പറയുന്നു.
ധോണിയുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകകപ്പിന് ശേഷം ഭാര്യയും കുട്ടിയുമായി ലണ്ടനിലായിരുന്ന ധോണി കഴിഞ്ഞ ദിവസമാണ് തിരികെ എത്തിയത്. ഓഗസ്റ്റ് ആദ്യ ആഴ്ചയിലാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. ടെസ്റ്റും ഏകദിനവും ട്വന്റി20യും അടങ്ങുന്ന പരമ്പര ഒരു മാസത്തിലധികം നീണ്ടതാണ്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനായ ധോണി ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ കൂടിയാണ്. 2011ല്‍ ആണ് ഇന്ത്യന്‍ സൈന്യം ധോണിക്ക് ലെഫ്റ്റനന്റ് കേണല്‍ പദവി നല്‍കിയത്. പാരാ റെജിമെന്റില്‍ പരിശീലനവും ധോണി നേടിയിരുന്നു.
















