മുംബൈ: കരീബിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലിടം പ്രതീക്ഷിച്ച് നിരവധി യുവതാരങ്ങള്‍. എംഎസ്‌കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മുംബൈയില്‍ ഇന്ന് ടീമിനെ പ്രഖ്യാപിക്കുമെന്നറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം യോഗം മറ്റൊരു ദിവസത്തേക്ക് മാറ്റി. ഒരുമാസം നീളുന്ന കരീബിയന്‍ പര്യടനം ആഗസ്ത് മൂന്നിന് ആരംഭിക്കും.
നായകന്‍ വിരാട് കോഹ്‌ലിയും മുന്‍ നായകന്‍ എം.എസ്.ധോണിയും ഏകദിന ടീമലിടം പിടിക്കാന്‍ സാധ്യത കുറവാണ്. അതേസമയം യുവതാരങ്ങളായ മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് നറുക്ക് വീഴുമെന്നാണ് പ്രതീക്ഷ. വിന്‍ഡീസ് പര്യടനത്തിനുശേഷം നാട്ടില്‍ പരമ്പരകളുടെ ഘോഷയാത്ര നടക്കുന്ന സാഹചര്യത്തിലാണ് സെലക്ടര്‍മാര്‍ കോഹ്‌ലിക്ക് വിശ്രമം നല്‍കാന്‍ ആലോചിക്കുന്നത്. കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയ്‌ക്ക് നായകസ്ഥാനം ലഭിക്കും. ടെസ്റ്റ് പരമ്പരയില്‍ കോഹ് ലി നായകനായി തിരിച്ചെത്തും. ലോകകപ്പില്‍ മികവ് കാട്ടിയ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്കും വിശ്രമം നല്‍കിയേക്കും.
കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ വിന്‍ഡീസ്, ഓസീസ് ടീമുകള്‍ക്കെതിരായ ടി ട്വന്റി പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ ടീമില്‍ ധോണിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത്തവണയും ധോണിയെ തഴഞ്ഞേക്കും.
ലോകകപ്പില്‍ ഇന്ത്യയുടെ തോല്‍വിക്ക് കാരണമായ മധ്യനിരയെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സെലക്ടര്‍മാര്‍. ഇതിനായി കര്‍ണാടകയുടെ മായങ്ക് അഗര്‍വാള്‍, മനീഷ് പാണ്ഡെ, മുംബൈയുടെ ശ്രേയസ് അയ്യര്‍ എന്നിവര്‍ക്ക് അവസരം നല്‍കിയേക്കും.
വിന്‍ഡീസ് എ ടീമിനെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറിയടിച്ച മനീഷ് പാണ്ഡെ മികച്ച ഫോമിലാണ്. പ്രദേശിക ക്രിക്കറ്റില്‍ മികവ് കാട്ടിവരുന്ന താരങ്ങളാണ് മായങ്ക് അഗര്‍വാളും ശ്രേയസ് അയ്യരും. യുവതാരങ്ങളായ പഞ്ചാബിന്റെ ശുഭ്മാന്‍ ഗില്‍, മുംബൈയുടെ പൃഥ്വി ഷാ എന്നിവരെയും പരിഗണിക്കുന്നുണ്ട്. പക്ഷെ ഷാ പരിക്കിന്റെ പിടിയിലാണ്. ഗില്‍ വിന്‍ഡീസ് എ ടീമിനെതിരായ പരമ്പരയില്‍ തകര്‍ത്തുകളിച്ചുവരുകയാണ്.
ലോകകപ്പിനിടെ പരിക്കേറ്റ് ധവാന്‍ ആരോഗ്യം വീണ്ടെടുക്കുകയാണെങ്കില്‍ ടീമില്‍ സ്ഥാനമുറപ്പാകും. ലോകകപ്പില്‍ തിളങ്ങിയ ഓപ്പണര്‍ കെ.എല്‍. രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ക്ക് ഏകദിന ടീമില്‍ സ്ഥാനമുറപ്പാണ്. കൗമാരതാരമായ ലെഗ് സ്പിന്നര്‍ രാഹുല്‍ ചഹര്‍, ദീപക് ചഹര്‍, ദല്‍ഹിയുടെ പേസര്‍ നവ്ദീപ്് സെയ്‌നി, ഖലീല്‍ അഹമ്മദ് എന്നിവരെയും പരിഗണിക്കും. പേസര്‍മാരായ മുഹമ്മദ് ഷമി, ഭുവനേശ്വര്‍കുമാര്‍ എന്നിവര്‍ക്ക് ടീമില്‍ സ്ഥാനമുറപ്പാണ്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തും.
ആഗസ്ത് മൂന്ന് മുതല്‍ സെപ്തംബര്‍ മൂന്നു വരെ നീളുന്ന വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യ മൂന്ന് ടി ട്വന്റി മത്സരങ്ങളും അത്രയും തന്നെ ഏകദിനങ്ങളും രണ്ട് ടെസ്റ്റും കളിക്കും. ടി ട്വന്റി മത്സരങ്ങള്‍ ആഗസ്ത് മൂന്ന് മുതല്‍ ആറുവരെ അരങ്ങേറും. ഏകദിനങ്ങള്‍ എട്ട് മുതല്‍ പതിനാല് വരെ നടക്കും. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ആഗസ്ത് 22 ന് ആരംഭിക്കും.
















